വിലയില്ലേ, സാധാരണക്കാരന്റെ സമയത്തിന്?
കോഴിക്കോട് ഷൊർണൂർ–- കോഴിക്കോട് റൂട്ടിൽ ഹ്രസ്വദൂരയാത്രക്കാരുടെ ദുരിതം രൂക്ഷമായി. ഈ റൂട്ടിൽ ഒരു മാസത്തിനിടെ രണ്ട് പ്രതിദിന അൺറിസർവ്‌ഡ് എക്‌സ്‌പ്രസാണ് നിർത്തിയത്. രണ്ടു മാസത്തിനിടെ നാല് സർവീസുകളുടെ സമയവും മാറ്റി. 20 മിനിറ്റുമുതൽ മൂന്നു മണിക്കൂർവരെയാണ് മാറ്റം. ഇതിനൊപ്പമാണ് കണ്ണൂർ ജനശതാബ്‌ദി, എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസ് സർവീസുകൾക്ക് ആശങ്ക ഉയർത്തി പുതിയ വന്ദേഭാരത് എത്തുന്നത്. സെപ്‌തംബർ രണ്ടാം വാരത്തിലാണ് കോഴിക്കോട്–- ഷൊർണൂർ അൺറിസർവ്‌ഡ് (06496) എക്‌സ്‌പ്രസ് നിർത്തിയത്. തൃശൂരിൽനിന്നുള്ള അൺറിസർവ്‌ഡ് എക്‌സ്‌പ്രസ് (06495) ഷൊർണൂർവരെയാക്കി വെട്ടിച്ചുരുക്കി. വൈകിട്ട് 5.45ന് പുറപ്പെട്ട് രാത്രി 7.55ന് കോഴിക്കോട് എത്തിയിരുന്ന ഷൊർണൂർ–- കോഴിക്കോട് മെമു (06455) സർവീസ് മൂന്നു മണിക്കൂറിലേറെ വൈകിപ്പിച്ചു. വൈകിട്ടത്തെ കോയമ്പത്തൂർ–- കണ്ണൂർ എക്‌സ്‌പ്രസ്(16608) 20 മിനിറ്റ് നേരത്തേയാക്കി. രാവിലത്തെ കോയമ്പത്തൂർ എക്‌സ്‌പ്രസ് (16607) 20 മിനിറ്റ് വൈകിപ്പിച്ചു. കണ്ണൂർ എക്‌സിക്യുട്ടീവ് (16307) 15 മിനിറ്റാണ് വൈകിപ്പിച്ചത്. വൈകിട്ട് വടക്കോട്ടുള്ള യാത്രയാണ് ഇതോടെ ട്രാക്കിനുപുറത്തായത്. വൈകിട്ട് 4.20 കഴിഞ്ഞാൽ മൂന്നര മണിക്കൂർ അടുത്ത വണ്ടിക്കായി ഷൊർണൂരിൽ കാത്തിരിക്കണം. അറ്റകുറ്റപ്പണി, മൺസൂൺ തുടങ്ങിയ കാരണം പറഞ്ഞായിരുന്നു മാറ്റങ്ങളെങ്കിലും ഈ ഇടവേളയിലേക്കാണ് വന്ദേഭാരതിനെ തിരുകിക്കയറ്റിയത്. ജനശതാബ്‌ദിക്കും എക്‌സിക്യൂട്ടീവിനും പണി കിട്ടുമോ തിരുവനന്തപുരത്തുനിന്ന് വൈകിട്ട് 4.05ന് പുറപ്പെടുന്ന വന്ദേഭാരത് എക്‌സ്‌പ്രസ് ജനശതാബ്‌ദിയേയും ചില പ്രതിവാര വണ്ടികളെയും ബാധിക്കുമോയെന്ന ആശങ്കയുണ്ട്. കാസർകോട് വന്ദേഭാരതിന്റെ കോഴിക്കോട്ടെ സമയം രാത്രി 9.16 ആണ്. തൊട്ടു പിന്നിലായി 9.22നാണ് എക്‌സിക്യുട്ടീവ്. കണ്ണൂർ ജനശതാബ്‌ദിയും ചെറിയ വ്യത്യാസത്തിലാണ് ഓടുന്നത്. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലെ ദീർഘദൂര എക്‌സ്‌പ്രസുകളും വന്ദേഭാരതും തമ്മിൽ എറണാകുളം ജങ്ഷനിലെത്തുമ്പോഴുള്ള സമയവ്യത്യാസം അഞ്ചു മിനിറ്റാണ്. സാധാരണക്കാർ ആശ്രയിക്കുന്ന പ്രതിദിന, പ്രതിവാര വണ്ടികളെ മുഴുവൻ വന്ദേഭാരതിന് കടന്നുപോകാൻ പിടിച്ചിടുമോ എന്നാണ് ആശങ്ക. സാധാരണക്കാരുടെ യാത്രാവണ്ടികളെ അനിശ്‌ചിതമായി പിടിച്ചിടുന്നത് ഒഴിവാക്കിയാവണം പ്രീമിയം സർവീസുകൾ എന്നാണ് യാത്രക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്. പ്രീമിയം ട്രെയിനുകൾക്കായി പ്രത്യേക പാതയെന്ന ആവശ്യവുമുണ്ട്. Read on deshabhimani.com