സ്വർണനിറമുള്ള സൂര്യൻ



കുറ്റ്യാടി  പരിമിതികളോട്‌ ഗുസ്‌തിപിടിച്ച്‌ ജയിക്കുകയാണ്‌ മാവുള്ള ചാലും സൂര്യനന്ദും.  സംസ്ഥാന തലത്തിൽ അണ്ടർ 15 ഗുസ്തി മത്സരത്തിലെ ഗ്രീക്കോ റോമൻ മത്സരത്തിൽ സ്വർണമെഡൽ നേടി ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധാനംചെയ്ത് സൂര്യനന്ദ്  റാഞ്ചിയിലേക്ക്‌ പോകും.  കഴിഞ്ഞ 18 ന് കോഴിക്കോട്ട്‌ നടന്ന ഗ്രീക്കോ റോമൻ റസ്‌ലിങ്‌   സംസ്ഥാന തല ചാമ്പ്യൻഷിപ്പിൽ അണ്ടർ 15 വിഭാഗത്തിൽ 14 ജില്ലകളിൽനിന്നും വിജയിച്ച മിടുക്കരായ താരങ്ങളെ പരാജയപ്പെടുത്തി സ്വർണമെഡൽ കരസ്ഥമാക്കിയാണ്‌ ദേശീയ മത്സരത്തിലേക്ക് സൂര്യനന്ദ് യോഗ്യത നേടിയത്.  പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിലെ   കലക്‌ഷൻ ഏജന്റായ എം സി ചന്ദ്രന്റെയും   ഷിജിയുടെയും മകനായ ഈ കായികതാരത്തിന്റെ   വളർച്ച വളരെ വേഗത്തിലായിരുന്നു. നാട്ടിൻപുറത്തെ സാധാരണ കുടുംബത്തിലെ അംഗമായ സൂര്യനന്ദിന് പരിശീലനം നടത്താൻ പറ്റിയ അക്കാദമികളോ  ഗ്രൗണ്ടോ നാട്ടിൻ പുറത്തുണ്ടായിരുന്നില്ല.  കുറ്റ്യാടി എംഐയുപി സ്‌കൂളിൽനിന്ന് ഏഴാം ക്ലാസ്‌ കഴിഞ്ഞ് തിരുവനന്തപുരം ജിവി രാജ സ്മാരക സ്‌കൂളിൽ എട്ടാം ക്ലാസിൽ സെലക്‌ഷൻ കിട്ടിയതുമുതലാണ് സൂര്യനന്ദ് ശരിക്കും ഒരു ഗുസ്തിക്കാരനാകുന്നത്. 2021 ൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന തല അണ്ടർ 15 മത്സരത്തിലും ഗ്രീക്കോ റോമൻ മത്സരത്തിലും വെങ്കലം നേടിയതോടെയാണ് ഈ പ്രതിഭയെ തിരിച്ചറിയാൻ തുടങ്ങിയത്‌.  കണ്ണൂരിൽ നടന്ന   സബ് ജൂനിയർ മത്സരത്തിൽ വെള്ളിയും ഇതേവർഷം തന്നെനേടി.   തിരുവനന്തപുരം ജിവി രാജ മെമ്മോറിയൽ സ്‌കൂളിൽനിന്ന് എസ്എസ്എൽസി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ്‌ സൂര്യ. Read on deshabhimani.com

Related News