ഇവര്‍ പാഠപുസ്തകം: കിണര്‍ വൃത്തിയാക്കാന്‍ ടീച്ചര്‍മാര്‍ തന്നെ ഇറങ്ങി; പിന്തുണച്ച് ഹെഡ്മാഷും
കോഴിക്കോട് തുള്ളിവെള്ളമില്ലാത്ത കിണർ ആധിയായപ്പോഴാണ് ഷിൽജ ടീച്ചറും ധന്യടീച്ചറും തുനിഞ്ഞിറങ്ങിയത്. പ്രവേശനോത്സവ തലേന്ന് കൈക്കോട്ടും ബക്കറ്റുമായി കിണറിലിറങ്ങിയ അധ്യാപികമാർക്കൊപ്പം കരയിൽ കട്ടയ്‌ക്ക് നിൽക്കാൻ ഹെഡ്‌മാഷും സഹപ്രവർത്തകരും. ഒത്തൊരുമിച്ചുള്ള അധ്വാനത്തിൽ ഒരുമണിക്കൂറിനകം കിണർ വൃത്തിയായി. ചെളിയൊഴിഞ്ഞ് വൃത്തിയായ കിണറിൽ തെളിനീര് തെളിഞ്ഞു. പാഠപുസ്‌തകത്തിനപ്പുറത്തും പാഠങ്ങളുണ്ടെന്ന് ഓർമപ്പെടുത്തുകയാണ് ബാലുശേരി എരമംഗലം ജിഎൽപിഎസിലെ കൂട്ടായ്‌മയുടെ കഥ. അധ്യാപകർ ഒരുക്കിയ തെളിമയുള്ള കുടിനീരാണ് വ്യാഴാഴ്‌ച പ്രവേശനോത്സവത്തിനെത്തുന്ന കുട്ടികൾക്ക് മധുരവും ജലപാഠവുമാവുക. പ്രവേശനോത്സവ ഒരുക്കങ്ങൾക്കായി അധ്യാപകർ ബുധനാഴ്‌ച സ്‌കൂളിൽ എത്തിയപ്പോഴാണ് കിണറിൽ വെള്ളമില്ലാത്തത് ശ്രദ്ധിച്ചത്. തലേ ദിവസം ടാങ്ക് വൃത്തിയാക്കിയതോടെയാണ് വെള്ളം തീർന്നത്. ചെളി നിറഞ്ഞുകിടക്കുന്ന കിണർ വൃത്തിയാക്കാൻ പലരെയും വിളിച്ചെങ്കിലും കിട്ടിയില്ല. വ്യാഴാഴ്‌ച പ്രവേശനോത്സവമായതിനാൽ വെള്ളമില്ലാതെ എന്ത് ചെയ്യുമെന്ന ബേജാറിനിടെയാണ് അധ്യാപികമാർ സന്നദ്ധരായി എത്തിയതെന്ന് പ്രധാനധ്യാപകന്റെ ചുമതലയുള്ള എസ് സജിത്ത് പറഞ്ഞു. ആത്മവിശ്വാസത്തോടെ ഇരുവരും കിണറിൽ ഇറങ്ങിയതോടെ മറ്റ് അധ്യാപകരും ഒപ്പം ചേർന്നു. നാല് പടവുള്ള കിണറിൽ ഏണി വെച്ചാണ് ഇറങ്ങിയത്. സജിത്തിനൊപ്പം മറ്റ് അധ്യാപകരായ ഹബീബ, പ്രളിത, ജസ്‌ന, അനീഷ എന്നിവരും കരയിൽ സഹായത്തിനുണ്ടായിരുന്നു. Read on deshabhimani.com