ആഘോഷലഹരി വേണ്ട എക്‌സൈസ്‌ പൂട്ടും



കോട്ടയം  ക്രിസ്‌മസ്‌–- പുതുവത്സര കാലത്തെ ലഹരി ഉപയോഗത്തിന്‌ തടയിടാൻ സ്‌പെഷ്യൽ ഡ്രൈവുമായി എക്‌സൈസ്‌ വകുപ്പ്‌. ലഹരി സംഘങ്ങളെ പൂട്ടാൻ കർശന പരിശോധനയാണ്‌ ജില്ലയിലാകെ നടത്തുന്നത്‌. ഡിസംബർ ഒമ്പത്‌ മുതൽ ജനുവരി നാല്‌ വരെയാണ്‌ സ്‌പെഷ്യൽ ഡ്രൈവ്‌. ആഘോഷദിനങ്ങൾ കണക്കിലെടുത്ത്‌ എക്‌സൈസിന്റെ ഹോട്ട്‌ സ്‌പോട്ട് ലിസ്റ്റിലുള്ള പ്രദേശങ്ങൾ, സ്‌കൂൾ, കോളേജ്, ബസ് സ്റ്റാൻഡ് പരിസരങ്ങൾ, റെയിൽവേ സ്‌റ്റേഷന്‌ സമീപം എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്‌. പരിശോധന ശക്തമായതോടെ വിവിധ വകുപ്പുകളിലായി 812 പേരാണ്‌ ഡിസംബറിൽ മാത്രം പിടിയിയിലായത്‌. എൻഡിപിഎസ്‌(മയക്കുമരുന്ന്‌) കേസുകളിൽ 88 പേരെ എക്‌സൈസ്‌ അറസ്റ്റ്‌ ചെയ്തു. അബ്‌കാരി കേസുകളിൽ 160 പേരും കോട്‌പ(പുകയില ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ടവ) കേസുമായി ബന്ധപ്പെട്ട്‌ 564 പേരും പിടിയിലായി.  പ്രത്യേക പരിശോധന ഡ്രഗ്സ് കൺട്രോൾ വിഭാഗവുമായി ചേർന്ന് മെഡിക്കൽ സ്‌റ്റോറുകളിലും റെയിൽവേ പൊലീസിന്റെ സഹകരണത്തോടെ സ്‌റ്റേഷൻ പരിസരങ്ങളിലും പരിശോധന നടത്തുന്നുണ്ട്‌. വനത്തോട്‌ ചേർന്നുള്ള ലഹരി വിൽപ്പന ശ്രദ്ധയിൽപെട്ടതിനാൽ വനംവകുപ്പുമായി ചേർന്നുള്ള പരിശോധനകളും സജീവമാണ്‌. മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ എത്തുന്ന ചരക്ക് വാഹനങ്ങളിലും പരിശോധന നടത്തും. പച്ചക്കറി, മത്സ്യം, പാൽ എന്നിവയുമായി വരുന്ന വാഹനങ്ങൾ, ടാങ്കർ ലോറികൾ എന്നിവ പ്രത്യേകമായിട്ടാകും പരിശോധന. ഇതിനായി രണ്ട്‌ സ്‌ട്രൈക്കിങ് ഫോഴ്‌സിനെയും ജില്ലയിൽ രൂപീകരിച്ചിട്ടുണ്ട്‌. കൂടാതെ ജില്ലാ ആസ്ഥാനത്ത്‌ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്‌.  ആശ്വാസമല്ല 
കണക്കുകൾ  ലഹരിക്ക്‌ പൂട്ടിടാൻ എക്‌സൈസ്‌ കർശന പരിശോധന നടത്തുന്നുണ്ടെങ്കിലും ഈ വർഷത്തെ കണക്കുകളും ആശ്വാസം നൽകുന്നതല്ല. ജനുവരി ഒന്ന്‌ മുതൽ ഡിസംബർ 25 വരെയുള്ള കണക്ക്‌ പ്രകാരം 7861 കേസുകളാണ്‌ വിവിധ വകുപ്പുകളിലായി എക്‌സൈസ്‌ രജിസ്റ്റർ ചെയ്തത്‌. എൻഡിപിഎസ്‌ കേസുകൾ മാത്രം 880 എണ്ണമുണ്ട്‌. 2023ൽ 810 കേസുകളായിരുന്നു. 1514 അബ്‌കാരി കേസുകളും 5467 കോട്‌പ കേസുകളും ഈ വർഷം രജിസ്റ്റർ ചെയ്തു. 2023ൽ ഇത്‌ യഥാക്രമം 1566, 7049 എന്നിങ്ങനെയായിരുന്നു. എൻഡിപിഎസ്‌ കേസിൽ 881 പേരെയും അബ്‌കാരി കേസിൽ 1498 പേരെയും ഈ വർഷം അറസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. Read on deshabhimani.com

Related News