സ്‌കൂൾ വിപണി പ്രതീക്ഷിച്ചു, വിൽപ്പന കുറഞ്ഞതോടെ പ്രതിസന്ധി
കോട്ടയം നാല് വർഷമായി കുടയംപടിയിൽ ചെരിപ്പു കട നടത്തുന്ന കെ സി ബിനുവിന്റെ വ്യാപാരത്തിന് തിരിച്ചടിയായത് സ്‌കൂൾ വിപണിയിലെ പ്രതിസന്ധി. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി ബാഗുകളും ചെരിപ്പുകളും കടയിൽ എത്തിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച വിൽപ്പന ഉണ്ടായിരുന്നില്ലെന്ന് ബിനുവിന്റെ കുടുംബം പറഞ്ഞു. ഓൺലൈൻ വിപണികളെ കൂടുതൽ ആശ്രയിച്ചതോടെ ചെറുകിട സ്ഥാപനങ്ങളിൽ എത്തുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. ഇതോടെ കച്ചവടത്തിൽ സാരമായ പ്രതിസന്ധിയുണ്ടായി. ഓണത്തിനും കാര്യമായ കച്ചവടം ലഭിക്കാതിരുന്നതോടെ മുതൽമുടക്കിന്റെ പകുതി പോലും കിട്ടാത്ത സാഹചര്യമായി. ഇതും വായ്‌പ തിരിച്ചടിക്കുന്നതിൽ കാലതാമസം ഉണ്ടാകാൻ കാരണമായി. ആകെ അഞ്ച് ലക്ഷമാണ് ബിനു കർണാടക ബാങ്കിൽ നിന്ന് വായ്‌പ്പയെടുത്തത്. ഇനി 380000 രൂപയാണ് അടയ്‌ക്കാനുണ്ടായിരുന്നതെന്ന് ഭാര്യ ഷൈനി പറഞ്ഞു. കഴിഞ്ഞ 20 വർഷമായി വാടക വീടുകളിലാണ് ബിനുവും കുടുംബവും താമസിക്കുന്നത്. നിലവിൽ താമസിച്ചിരുന്ന വീടിന് 5750 രൂപയാണ് വാടക. കുടയംപടിയിലെ കടയ്‌ക്ക് എണ്ണായിരത്തോളം രൂപയും വാടക വരും. കടയിൽനിന്നും കിട്ടുന്ന വരുമാനത്തിൽ നിന്നും വാടക ഉൾപ്പെടെ ബിനു കൃത്യമായി നൽകിയരുന്നുവെന്ന് അമ്മ ചെല്ലമ്മ പറഞ്ഞു. ഒരാളോട് പത്ത് രൂപ വാങ്ങിയാൽ രണ്ട് ദിവസം വൈകിയാണെങ്കിലും കൃത്യമായി മടക്കിനൽകുമായിരുന്നു. എത്ര പ്രതിസന്ധി ഉണ്ടായിരുന്നെങ്കിലും ആരോടും പറയാത്ത പ്രകൃതമായിരുന്നു ബിനുവിന്റേത്. ബാങ്ക് മാനേജരുടെ ഭീഷണി ഒട്ടും സഹിക്കാൻ അവന് പറ്റിയിട്ടുണ്ടാവില്ല’–- അമ്മ പറഞ്ഞു. കുടിശ്ശിക അടയ്‌ക്കാൻ വേണ്ടി പണം ഒരാളോട് ചോദിച്ചിരുന്നു. അത് പെട്ടെന്ന് ശരിയായില്ല. ഇതോടെ വീണ്ടും ഭീഷണിയുമായി ബാങ്കുകാർ എത്തുമോ എന്ന പേടിയിലായിരുന്നു ബിനുവെന്ന് സഹോദരൻ ബിജു പറഞ്ഞു. ഒരു വാക്കുകൊണ്ട് പോലും ഒരാളെയും നോവിക്കാത്ത ആളാണ്. ഈ ഒരു അവസ്ഥ എന്നോട് പറഞ്ഞിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാവില്ലായിരുന്നുവെന്നും ബിജു പറഞ്ഞു. Read on deshabhimani.com