വൈകിയതിന് പിഴ ബിനുവിന്റെ ജീവൻ
കോട്ടയം രണ്ട് മാസത്തെ വായ്‌പാ തിരിച്ചടവ് തടസപ്പെട്ടതിനെ തുടർന്ന് ബാങ്ക് അധികൃതർ നടത്തിയ നിരന്തര ഭീഷണിയാണ് കുടമാളൂർ അഭിരാമം വീട്ടിൽ കെ സി ബിനുവിന്റെ ജീവനെടുത്തത്. ഇതോടെ ഇല്ലാതായത് രണ്ട് പെൺകുട്ടികളടക്കമുള്ള ഒരു കുടുംബത്തിന്റെ ഏക അത്താണിയും. മുമ്പ് ഓട്ടോറിക്ഷ ഓടിച്ച ബിനു കുറച്ചുകാലമായി ചെരുപ്പുകട നടത്തുകയായിരുന്നു. ആദ്യം രണ്ട് ലക്ഷം രൂപയാണ് കർണാടക ബാങ്കിൽനിന്ന് വായ്‌പ എടുത്തത്. പിന്നീട് മൂന്ന് ലക്ഷം രൂപകൂടി കൂട്ടിയെടുത്തു. 17,110 രൂപയായിരുന്നു പ്രതിമാസ തിരിച്ചടവ്. ഇടയ്‌ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ രണ്ട് മാസം കുടിശ്ശികയായി. ഇതിന്റെ പേരിൽ ബാങ്ക് അധികൃതർ കുടയംപടിയിലെ കടയിലെത്തി പലവട്ടം ഭീഷണിപ്പെടുത്തിയതായും കടയിലെ മേശവലിപ്പിൽനിന്ന് പണം ബലമായി എടുത്തുകൊണ്ടുപോയതായും ബന്ധുക്കൾ പറഞ്ഞു. സെപ്‌തംബർ 12ന് 43,000 രൂപ അടച്ച് കുടിശിക തീർത്തു. അപ്പോഴേക്കും അടുത്ത ഗഡു അടയ്‌ക്കേണ്ട സമയം കഴിഞ്ഞു. എന്നാൽ 25നായിരുന്നു ഒടുവിലത്തെ ഗഡു അടയ്‌ക്കേണ്ടിയിരുന്നതെന്നും കുടിശിക തീർത്തശേഷം ബിനുവിനെ വിളിച്ചിട്ടില്ലെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. Read on deshabhimani.com