കാൽനട പ്രചാരണജാഥ നടത്തി മഹിളകൾ



കോട്ടയം മോദിസർക്കാരിന്റെ സ്‌ത്രീവിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച്‌ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ ഒക്‌ടോബർ അഞ്ചിന്‌ നടത്തുന്ന പാർലമെന്റ്‌ മാർച്ചിന്റെ പ്രചാരണാർഥം ജില്ലയിൽ കാൽനട ജാഥകൾ നടത്തി. അസോസിയേഷൻ മേഖലാതലത്തിൽ നടത്തിയ പ്രചാരണജാഥകളിൽ ആയിരക്കണക്കിന്‌ സ്‌ത്രീകൾ പങ്കാളികളായി. രാജ്യത്ത്‌ സ്‌ത്രീകൾ വേട്ടയാടപ്പെടുമ്പോഴും മിണ്ടാതിരിക്കുന്ന കേന്ദ്രസർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ചും വനിതാ സംവരണബിൽ നടപ്പാക്കുന്നതിലെ കേന്ദ്രസർക്കാരിന്റെ ആത്മാർഥതയില്ലായ്‌മ തുറന്നുകാട്ടിയുമാണ്‌ ജാഥകൾ സംഘടിപ്പിച്ചത്‌. ചിങ്ങവനം മേഖലാതല ജാഥ പന്നിമറ്റത്ത്‌ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ. ഷീജ അനിൽ ഉദ്‌ഘാടനംചെയ്‌തു. ജാഥാ ക്യാപ്റ്റൻ സിന്ധു അനിൽ, ജാഥാ മാനേജർ ഉഷ സുരേഷ്, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി എൻ ജി ദീപാമോൾ, കേരള കർഷകസംഘം ഏരിയ സെക്രട്ടറി ടി എം രാജൻ, വനിതാ സാഹിതി ജില്ലാ സെക്രട്ടറി പി കെ ജലജാമണി, സിപിഐ എം ലോക്കൽ സെക്രറി പി പി ജോയി, എ കെ അഞ്ജലി ദേവി, ജ്യോതി ശ്യാം, ദിവ്യാമോൾ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. മഹിളാ അസോസിയേഷൻ ജില്ലാ വെെസ് പ്രസിഡന്റ്‌ അനിതാ സാബു സമാപനസമ്മേളനം ഉദ്ഘാടനംചെയ്തു. വനിതാസാഹിതി "മാണിക്കംപെണ്ണ്' കലാകാരികളുടെ നാടൻപാട്ട് അവതരണം ജാഥയിലുടനീളമുണ്ടായിരുന്നു. Read on deshabhimani.com

Related News