രസിച്ച് പഠിക്കാം; വർണക്കൂടാരം ഒരുങ്ങി
നെടുംകുന്നം നോർത്ത് ഗവ. യുപി സ്കൂളിൽ വർണകൂടാരവും മാതൃക പ്രീപ്രൈമറി സ്കൂളും ഉദ്ഘാടനത്തിന് ഒരുങ്ങി. കളിയും ചിരിയുമായി കുരുന്നുകൾക്ക് അറിവിന്റെ വാതായനങ്ങൾ തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വിനോദോപാദികൾക്കായുള്ള വർണ്ണകൂടാരം പാർക്കും, 13 ഇടങ്ങളിലായി അത്യാധുനിക നിലവാരത്തോടെയുള്ള പഠനസൗകര്യങ്ങളുമായി മാതൃക പ്രീപ്രൈമറി സ്കൂളും ഒരുക്കിയിട്ടുണ്ട്. സർവശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. ഭാഷ വികസന ഇടം, ഗണിത ഇടം, ശാസ്ത്ര ഇടം, കുഞ്ഞരങ്ങ്, ആട്ടവും പാട്ടവും സ്ഥലം, കരകൗശലയിടം, നിർമാണ ഇടം, വരയിടം, ഇ ഇടം, ഹരിതോദ്യാനം തുടങ്ങിയ പ്രത്യേക പ്രവർത്തനയിടങ്ങളാണ് മാതൃക പ്രീ പ്രൈമറി സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. ഇവയെല്ലാം കുട്ടികളിൽ കൂടുതൽ വിഞ്ജാനം പകരുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. തിങ്കൾ പകൽ 11.30ന് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് മാതൃക പ്രീ പ്രൈമറി സ്കൂൾ ഉദ്ഘാടനം ചെയ്യും.ആന്റോ ആന്റണി എംപി വർണ്ണകൂടാരം ഉദ്ഘാടനം ചെയ്യും. നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റ് സി ജെ ബീന അധ്യക്ഷയാകും. Read on deshabhimani.com