തകർന്നത് സംഘപരിവാർ കലാപാസൂത്രണം: എസ് സുദേവൻ
കടയ്ക്കൽ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമായിരുന്ന സംഭവത്തെയാണ് ജനങ്ങളും പൊലീസും കൂട്ടായി അവധാനതയോടെ കൈകാര്യം ചെയ്തതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ പറഞ്ഞു. ചാപ്പകുത്തൽ നാടകത്തിലൂടെ ബിജെപിയും - സംഘപരിവാറും കലാപാസൂത്രണം നടത്തിയ ഇട്ടിവ ചാണപ്പാറയിലെ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മാസങ്ങളെടുത്ത് തയ്യാറാക്കിയ മാസ്റ്റർപ്ലാൻ പുറത്തുവന്നതിലൂടെ രാജ്യമാകെ പടർന്നേക്കാമായിരുന്ന വർഗീയ കലാപത്തിനാണ് തടയിട്ടത്. സംസ്ഥാനത്തെ പിഎഫ്ഐ നേതാക്കളുടെ വീടുകളിൽ ഇഡി പരിശോധന നടന്ന ദിവസമാണ് ചാപ്പകുത്തൽ നാടകം അരങ്ങറിയത്. സംഭവം നടന്ന് മണിക്കൂറിനുള്ളിൽ സംഘപരിവാർ ചാനലിലും ഈ താൽപ്പര്യങ്ങൾക്ക് ഒപ്പംനിൽക്കുന്ന ദിനപത്രത്തിന്റെ പ്രത്യേക എഡിഷനിൽ മാത്രവും വാർത്തവന്നു. പ്രാഥമികാന്വേഷണം പോലും പൂർത്തിയാകും മുമ്പ് ബിജെപി ജില്ലാ നേതൃത്വം അടക്കം പങ്കെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ആസൂത്രണങ്ങളെ ശരിവയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ഏരിയ കമ്മറ്റി അംഗം ജി ദിനേശ്കുമാർ, ലോക്കൽ സെക്രട്ടറി ബി മുരളീധരൻപിള്ള, പഞ്ചായത്ത് പ്രസിഡന്റ് സി അമൃത, മനാഫ്, തേക്കിൽ ജബ്ബാർ, ഷിബുലാൽ, മനോജ് കാട്ടാമ്പള്ളി എന്നിവരും ജില്ലാസെക്രട്ടറിക്കൊപ്പം ഉണ്ടായിരുന്നു. Read on deshabhimani.com