ആലപ്പാട്‌ കുടിവെള്ളം 
എത്തിക്കാൻ സംവിധാനം

തകർച്ചയിലായ പണിക്കർകടവ് കുടിവെള്ള പൈപ്പ് ഇരുമ്പുപാലം ചീഫ് എൻജിനിയർ സന്ദർശിക്കുന്നു


  കരുനാഗപ്പള്ളി ആലപ്പാട് പഞ്ചായത്തിലേക്ക് കുടിവെള്ളം എത്തിക്കുന്നതിന്‌ സംവിധാനമായി.  ടി എസ് കനാലിനു കുറുകെയുള്ള പണിക്കർകടവ് പാലത്തിന് സമാന്തരമായുള്ള കുടിവെള്ള പൈപ്പ് ലൈൻ പാലം പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി താൽക്കാലിക സംവിധാനത്തിലൂടെ ആലപ്പാട് പഞ്ചായത്തിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള നടപടിയാണ്‌ പൂർത്തിയായി. ഇവിടെ പുതിയ ഇരുമ്പുപാലം സ്ഥാപിച്ച് പൈപ്പ് ലൈൻ കടത്തിവിടുന്നതിനുള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാകും.  ഇതിന്റെ ഭാഗമായി വാട്ടർ അതോറിറ്റി ചീഫ് എൻജിനിയർ സ്ഥലം സന്ദർശിച്ചു.സുനാമി ദുരന്തത്തെ തുടർന്ന് 15 വർഷം മുമ്പാണ് ഇവിടെ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിച്ചത്. നിലവിൽ കുടിവെള്ള പൈപ്പ് ലൈൻ കടന്നുപോകുന്ന ഇരുമ്പുപാലം ബലക്ഷയമുള്ളതാണെന്ന് ബോധ്യപ്പെട്ടതിനാൽ ഇതുവഴിയുള്ള കുടിവെള്ള പമ്പിങ് നിർത്താൻ ജല അതോറിറ്റി അധികൃതർ തീരുമാനിക്കുകയായിരുന്നു. ഇതേത്തുടർന്ന് ആലപ്പാട് പഞ്ചായത്തിലെ ഒമ്പതുമുതൽ 16 വരെയുള്ള വാർഡുകളിൽ പൂർണമായും ഏഴ്‌, എട്ട്‌ വാർഡുകളിൽ ഭാഗികമായും കുടിവെള്ള വിതരണം മുടങ്ങിയിരുന്നു. വിതരണം പുനഃസ്ഥാപിക്കുന്നതിനായി 250 എംഎം പിവിസി പൈപ്പ് പണിക്കർകടവ് പാലത്തിലൂടെ വേഗത്തിൽ സ്ഥാപിച്ചാണ് കുടിവെള്ള വിതരണം പൂർവസ്ഥിതിയിലാക്കിയത്. ചവറയിൽ പാലത്തിനു സമാന്തരമായി പൈപ്പ് ലൈൻ കടന്നുപോകുന്ന ഇരുമ്പുപാലം തകർന്നുവീണ പശ്ചാത്തലത്തിലാണ് പണിക്കർകടവിലെ ഇരുമ്പുപാലവും പുതുക്കിപ്പണിയാൻ തീരുമാനിച്ചത്.  ദിവസവും നിരവധി മീൻപിടിത്തബോട്ടുകളും വള്ളങ്ങളും ഉൾപ്പെടെ കടന്നുപോകുന്ന ടി എസ് കനാലിനു കുറുകെയുള്ള ഇരുമ്പുപാലം കുടിവെള്ള പദ്ധതിയുടെ ഭാഗമായി 2009ൽ ആണ് നിർമിച്ചത്. 2011 മുതൽ ഈ പൈപ്പ് ലൈൻ വഴി കുടിവെള്ളം കടത്തിവിടുന്നുണ്ട്. എന്നാൽ, ഏറെനാളായി പാലത്തിന്റെ തൂണുകളും സൈഡ് ഗ്രില്ലുകളും ഉൾപ്പെടെ ദ്രവിച്ച് തകർച്ചയുടെ വക്കിലായിരുന്നു.     Read on deshabhimani.com

Related News