പെയിന്റിങ് തൊഴിലാളി തലയ്‌ക്കടിയേറ്റു മരിച്ചു; സുഹൃത്ത് അറസ്റ്റിൽ
ശൂരനാട് വാക്കുതർക്കത്തെ തുടർന്ന് പെയിന്റിങ് തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ചുകൊന്നു. പരവൂർ കോട്ടപ്പുറം നെട്ടരുവിള ജ്യോതി ഭവനത്തിൽ വിനോദ് (55) ആണ് മരിച്ചത്. ഒപ്പം ജോലിചെയ്തിരുന്ന സുഹൃത്ത് കൊല്ലം അയത്തിൽ സ്വദേശി രാജുവി (45)നെ അറസ്റ്റ്‌ചെയ്തു. ബുധൻ പുലർച്ചെ ഒന്നിന് ശാസ്താംകോട്ട ക്ഷേത്രസദ്യാലയത്തിന്റെ മുന്നിലായിരുന്നു സംഭവം. അയത്തിൽ സ്വദേശിയായ കരാറുകാരനു കീഴിൽ ക്ഷേത്രത്തിലെ പെയിന്റിങ് ജോലിക്ക് എത്തിയതായിരുന്നു ഇരുവരും. വീട്ടുകാരുമായി അകൽച്ചയിലായിരുന്നതിനാൽ ക്ഷേത്രപരിസരത്ത് തന്നെയാണ് ഇവർ കഴിഞ്ഞിരുന്നത്. ജോലിക്കായുള്ള സാധനങ്ങൾ വാഹനത്തിൽനിന്ന് ഇറക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും രാജു ഇരുമ്പുവടി ഉപയോഗിച്ച് വിനോദിന്റെ തലയ്ക്കടിക്കുകയുമായിരുന്നു. മറ്റു തൊഴിലാളികൾ ചേർന്ന് ഇയാളെ ഉടൻ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുംവഴി മരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം പോളയത്തോട് വിശ്രാന്തിയിൽ സംസ്കരിച്ചു. സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട രാജുവിനെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്‌ചെയ്‌തു. Read on deshabhimani.com