വായ്പാ തട്ടിപ്പ്: പരാതിയുമായി കൂടുതൽ സ്ത്രീകൾ
കൊല്ലം വായ്പയെടുത്ത് നൽകാമെന്നു പറഞ്ഞ് വനിതകളിൽനിന്ന് പണംവാങ്ങി തട്ടിപ്പു നടത്തിയ കാങ്കത്ത് മുക്കിലെ ഹരിതസംഘം എന്ന സ്ഥാപനത്തിനെതിരെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇവരുടെ ഓഫീസിൽനിന്ന് രേഖകൾ കൊല്ലം വെസ്റ്റ് പൊലീസ് പിടിച്ചെടുത്തു. രേഖകളുടെ നിയമസാധുത പരിശോധിച്ചശേഷം മറ്റുനടപടികളിലേക്ക് കടക്കും. അതിനിടെ കൂടുതൽ വനിതകൾ പരാതിയുമായി രംഗത്തെത്തി. പുനലൂര്‍ തെന്മല എന്നിവിടങ്ങളില്‍നിന്ന് 50 വനിതകളാണ് കൊല്ലം വെസ്റ്റ് സ്റ്റേഷനിൽ പരാതി നൽകിയത്. സർക്കാർ അംഗീകൃത സൊസൈറ്റിയെന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. എന്നാൽ, ചാരിറ്റബിൾ ആക്ട് പ്രകാരം രജിസ്റ്റർചെയ്ത സംഘത്തിന് ഈ നിലയിൽ പണമിടപാട് നടത്താനാകില്ല. നിശ്ചിത തുക അടച്ചാൽ വനിതകളുടെ ഗ്രൂപ്പിന് വിവിധ ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് നൽകാമെന്ന് പറഞ്ഞായിരുന്നു തുക പിരിച്ചത്. വായ്പയുടെ പരിധിയനുസരിച്ചാണ് ഓരോ ആളിൽനിന്ന് 1000 മുതൽ തുക ഈടാക്കിയത്. പത്തും ഇരുപതും പേരടങ്ങിയ ഗ്രൂപ്പുകളായാണ് വനിതകൾ പണം നൽകിയത്. കുടുംബശ്രീ പ്രവർത്തകരും പിന്നാക്കവിഭാഗങ്ങളിൽനിന്നുള്ള വനിതകളുമാണ് തട്ടിപ്പിനിരയായവരിൽ ഏറെയും. വിശ്വാസ്യത നേടാനായി കുടുംബശ്രീയുമായി ചേർന്ന് പ്രവർത്തിക്കുന്നവരെ തന്നെയാണ് കമീഷൻ വ്യവസ്ഥയിൽ ഏജന്റുമാരായി നിയമിച്ചത്. മൂന്നുവർഷമായിട്ടും വായ്‌പ ലഭിക്കാതായതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ചോദ്യംചെയ്യാനായി രണ്ടു വനിതാ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഏഴുപേരടങ്ങുന്ന ബോർഡാണ് സൊസൈറ്റിക്കുള്ളത്. ഇവർക്കെതിരെയും അന്വേഷണം നടത്തും. Read on deshabhimani.com