ജില്ലാ കേരളോത്സവം ; വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന് കിരീടം
തൃക്കാക്കര ജില്ലാപഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിൽ 373 പോയിന്റുമായി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ് നേടി. 234 പോയിന്റുമായി തൃപ്പൂണിത്തുറ നഗരസഭ രണ്ടാംസ്ഥാനവും 204 പോയിന്റുമായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മൂന്നാംസ്ഥാനവും നേടി. 13 വേദികളിൽ നടന്ന കേരളോത്സവത്തിൽ മൂവായിരത്തോളം കല–-കായിക താരങ്ങൾ പങ്കെടുത്തു. കായികവിഭാഗത്തിലും കലാവിഭാഗത്തിലും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഒന്നാമതെത്തി. ക്ലബ്ബുകളിൽ യുവറോൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഒന്നാംസ്ഥാനം നേടി. കലാപ്രതിഭയായി കോർപറേഷനിലെ എൻ എസ് നിരഞ്ജനും കലാതിലകമായി പറവൂർ ബ്ലോക്കിലെ എൻ പി കൃഷ്ണപ്രഭ, അങ്കമാലി ബ്ലോക്കിലെ പവിത മനോജ് എന്നിവരെയും തെരഞ്ഞെടുത്തു. ജില്ലാപഞ്ചായത്ത് പ്രിയദർശിനി ഹാളിൽ സമാപനസമ്മേളനം പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൽസി ജോർജ് അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ കെ ജി ഡോണോ, എം ജെ ജോമി, ജില്ലാപഞ്ചായത്ത് അംഗങ്ങളായ എ എസ് അനിൽകുമാർ, ഉല്ലാസ് തോമസ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അൻവർ അലി, ജില്ലാ യൂത്ത് കോ–--ഓർഡിനേറ്റർ എ ആർ രഞ്ജിത്, ആർ പ്രജിഷ തുടങ്ങിയവർ സംസാരിച്ചു. ജേതാക്കൾക്ക് ട്രോഫി നൽകി. Read on deshabhimani.com