ടവർ ലൊക്കേഷനും തെളിവ്‌ , അഖിൽ അന്ന്‌ പത്തനംതിട്ടയിൽ ; ആരോപണത്തിൽ കഴമ്പില്ലെന്ന് 
തെളിയുന്നു

അഖിൽ മാത്യൂ വരനും വധുവിനുമൊപ്പം വിവാഹവേദിയിൽ


തിരുവനന്തപുരം ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫംഗം അഖിൽ മാത്യു താൽക്കാലിക നിയമനത്തിന്‌ പണം വാങ്ങിയെന്ന  മലപ്പുറം സ്വദേശി ഹരിദാസന്റെ ആരോപണം വ്യാജമെന്ന്‌ തെളിഞ്ഞു. തിരുവനന്തപുരത്ത്‌വച്ച്‌ പണംനൽകിയെന്ന്‌ ഹരിദാസൻ പറഞ്ഞ ഏപ്രിൽ 10നും പിറ്റേന്നും അഖിൽ പത്തനംതിട്ടയിലായിരുന്നുവെന്ന്‌ ടവർ ലൊക്കേഷൻ പരിശോധിച്ചതോടെ വ്യക്തമായി. 10ന്‌ അവിടെ കല്യാണവിരുന്നിൽ അഖിൽ പങ്കെടുക്കുന്ന ദൃശ്യം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 11ന്‌ രാത്രി വൈകിയാണ്‌ തിരുവനന്തപുരത്ത്‌ തിരിച്ചെത്തിയത്‌. അഖിൽ മാത്യുവുമായി ഹരിദാസൻ ഫോണിൽ സംസാരിച്ചിട്ടില്ലെന്നും  വ്യക്തമായി. പണംനൽകിയെന്ന്‌ ഹരിദാസൻ ആരോപിക്കുന്ന ദിവസത്തെ സെക്രട്ടറിയറ്റിന്‌ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശനിയാഴ്‌ച പൊലീസ്‌ വിശദമായി പരിശോധിക്കും. ഇതിനുശേഷം ഹരിദാസനെ വീണ്ടും ചോദ്യംചെയ്യും. മലപ്പുറത്തെത്തിയ പൊലീസ്‌  ഹരിദാസനെ ഒമ്പതുമണിക്കൂറോളം ചോദ്യംചെയ്‌തു. അഖിൽ മാത്യുവാണ്‌ കൈക്കൂലി വാങ്ങിയതെന്ന്‌ വ്യാഴം ഉച്ചവരെ ആവർത്തിച്ച ഹരിദാസൻ, കൈക്കൂലി വാങ്ങിയയാളുടെ ചിത്രം തിരിച്ചറിയാനാകുന്നില്ലെന്നാണ്‌ പൊലീസിന്‌ മൊഴി നൽകിയത്‌. വെള്ളി രാവിലെ ഒമ്പതരയോടെയാണ്‌ കന്റോൺമെന്റ്‌ എസ്‌ഐ എസ്‌ ഷെഫിൻ, സീനിയർ സിവിൽ പൊലീസ്‌ ഓഫീസർ വിനോജ്‌ എന്നിവർ മലപ്പുറം സാജു റോഡിലെ ഹരിദാസന്റെ വീട്ടിലെത്തിയത്‌. ഇടനിലക്കാരനായ അഖിൽ സജീവിനെ എങ്ങനെ പരിചയമായി, പണം കൈമാറിയത്‌ എങ്ങനെ, തിരുവനന്തപുരം യാത്ര എന്നതടക്കമുള്ളവ പൊലീസ്‌ ചോദിച്ചറിഞ്ഞു. Read on deshabhimani.com

Related News