മൂന്ന് പദ്ധതിക്ക്‌ 3.44 കോടിരൂപയുടെ ഭരണാനുമതി ; ജിസിഡിഎ പദ്ധതികൾക്ക് കിഫ്‌ബി അംഗീകാരം

എം കെ അർജുനൻ മാസ്റ്റർ മൈതാന നവീകരണം ത്രീഡി സ്‌കെച്ചുകൾ


കൊച്ചി അർബൻ റിജുവനേഷൻ ആൻഡ്‌ ബ്യൂട്ടിഫിക്കേഷൻ പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരസൗന്ദര്യവൽക്കരണത്തിന്‌ ജിസിഡിഎ സമർപ്പിച്ച പദ്ധതികൾക്ക്‌ കിഫ്‌ബിയുടെ അംഗീകാരം. പള്ളുരുത്തി എം കെ അർജുനൻ മാസ്റ്റർ മൈതാനം, സാംസ്‌കാരികകേന്ദ്രം എന്നിവയുടെ നവീകരണത്തിന്‌ 2.69 കോടിയുടെയും കസ്തൂർബ നഗർ വാക്‌വേ നിർമാണത്തിന്‌ 75.06 ലക്ഷം രൂപയുടെയും അനുമതിയാണ് ലഭിച്ചത്. മലയാള ചലച്ചിത്രഗാന മേഖലയിൽ നിരവധി സംഭാവനകൾ നൽകിയ എം കെ അർജുനൻ മാസ്റ്ററോടുള്ള ആദരസൂചകമായി പള്ളുരുത്തിയിൽ 1.59 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഗ്രൗണ്ടിന്റെയും സ്റ്റേജിന്റെയും നവീകരണവും പരമ്പരാഗത കലകളെ പരിപോഷിപ്പിക്കുന്നതിനായി സാംസ്കാരികകേന്ദ്രം ആരംഭിക്കുന്നതുമാണ് പദ്ധതി. ആധുനിക ശുചിമുറി സംവിധാനമൊരുക്കും. നിർമാണങ്ങളെല്ലാം ഭിന്നശേഷി സൗഹൃദപരമായിരിക്കും. ഓപ്പൺ ജിം, ആംഫി തിയറ്റർ, കുട്ടികൾക്കായി കളിയിടം, സെക്യൂരിറ്റി ക്യാബിൻ എന്നിവയുണ്ടാകും. മെെതാനത്തിനുചുറ്റും ആകർഷകമായി ചുറ്റുമതിൽ നിർമിക്കും. ഹൈമാസ്റ്റ് ലൈറ്റ്, കൂടുതൽ ബൊള്ളാർഡ് ലൈറ്റുകൾ, ലാമ്പ് പോസ്റ്റുകൾ എന്നിവ സ്ഥാപിക്കും. എല്ലാ പ്രായത്തിലുള്ളവർക്കും വ്യായാമം ചെയ്യുന്നതിനായി ടർഫ് ഗ്രൗണ്ടിനുചുറ്റും വാക്‌വേ നിർമിക്കും. ഗ്രൗണ്ടിനുചുറ്റും ലാൻഡ് സ്കെപ്പിങ് നടത്തി കൂടുതൽ സുന്ദരമാക്കും. വിനോദസഞ്ചാരികളുടെ ശ്രദ്ധകേന്ദ്രമായി പരിവർത്തനം ചെയ്യുന്ന ഈ പദ്ധതി  ആറുമാസത്തിനകം പൂർത്തിയാക്കും. കസ്തൂർബ നഗർ വാക്‌വേ മനോഹരവും ആകർഷകവുമായ ലാൻഡ് സ്കെപ്പിങ്ങോടെ ജനപ്രിയവും പരിസ്ഥിതി സൗഹൃദവുമാക്കും. ശിഹാബ് തങ്ങൾ വാക്‌വേയുടെ തുടർച്ചയായി തേവര ഭാഗത്തേക്കുള്ള 135 മീറ്ററിലാണ് മുഖംമിനുക്കുന്നത്.  ടൈലുകൾ പതിപ്പിച്ച നടപ്പാതയും സമീപമായി പ്രത്യേക നിറം നൽകി തയ്യാറാക്കുന്ന കോൺക്രീറ്റ് സൈക്കിൾ ട്രാക്കുമാണ് പ്രധാനഘടകം. മികച്ച വെളിച്ച സംവിധാനവും ഒരുക്കും. എട്ടുമാസംകൊണ്ട്‌ നിർമാണം പൂർത്തിയാക്കും. Read on deshabhimani.com

Related News