കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; എടവനക്കാട് മുൻധാരണ പാലിച്ചില്ല
വൈപ്പിൻ രണ്ടരവർഷം പിന്നിട്ടിട്ടും മുൻധാരണ പാലിക്കാത്തതിനെത്തുടർന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള എടവനക്കാട് പഞ്ചായത്ത് ഭരണം പൊട്ടിത്തെറിയുടെ വക്കത്ത്. ധാരണ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ആകെയുള്ള ഒമ്പത് കോൺഗ്രസ് അംഗങ്ങളിൽ നാലുപേർ ഡിസിസിക്കും ബ്ലോക്ക് നേതൃത്വത്തിനും പരാതി നൽകിയിട്ടുണ്ട്. പരിഗണിച്ചില്ലെങ്കിൽ ഭരണസമിതിക്കെതിരെ അവിശ്വാസം കൊണ്ടുവരുമെന്നും കത്തിൽ ഇവർ മുന്നറിയിപ്പ് നൽകുന്നു. പ്രസിഡന്റും വൈസ് പ്രസിഡന്റും ഒരേ സമുദായത്തിൽനിന്നാണെന്ന ആക്ഷേപം ആദ്യംമുതൽ ഒരുവിഭാഗം ഉയർത്തിയിരുന്നു. അത് പരിഹരിച്ച് രണ്ടരക്കൊല്ലം കഴിയുമ്പോൾ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും മാറ്റാമെന്നായിരുന്നു ധാരണ. എന്നാൽ, ഇത് പാലിക്കാൻ പ്രസിഡന്റ് അസീന അബ്ദുൾ സലാമും വൈസ് പ്രസിഡന്റ് വി കെ ഇക്ബാലും തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. മുൻ പ്രസിഡന്റ് ആനന്ദവല്ലി ചെല്ലപ്പനെ പ്രസിഡന്റാക്കാനായിരുന്നു മുൻധാരണ. അത് ഉടനെ നടപ്പാക്കണമെന്നും അല്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും നാല് പഞ്ചായത്ത് അംഗങ്ങൾ ഒപ്പിട്ടുനൽകിയ പരാതിയിൽ പറയുന്നു. ക്ഷേമ സ്ഥിരംസമിതി അധ്യക്ഷൻ പി ബി സാബു, വികസന സ്ഥിരംസമിതി അധ്യക്ഷ ആനന്ദവല്ലി ചെല്ലപ്പൻ, ഇ ആർ ബിനോയ്, നെഷീദ ഫൈസൽ എന്നിവരാണ് പരാതിയിൽ ഒപ്പിട്ടിട്ടുള്ളത്. Read on deshabhimani.com