മലയോരമേഖലയിൽ ഒരു സെന്റോ 
താഴെയോ ഭൂമി കൈയേറിയവരുടെ പട്ടിക ഹാജരാക്കണം



കൊച്ചി മൂന്നാർ അടക്കമുള്ള മലയോരമേഖലകളിൽ വീട്‌ നിർമാണത്തിനായി ഒരു സെന്റോ അതിൽ താഴെയോ ഭൂമി കൈയേറിയവരുടെ പട്ടിക ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചു.  ഇവർക്ക് പട്ടയം നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്ന സർക്കാർ വിശദീകരണം പരിഗണിച്ചാണ്‌ നിർദേശം. മലയോര മേഖലകളിലെ കൈയേറ്റം ഒഴിപ്പിക്കാൻ കർമസേന രൂപീകരിച്ച് രണ്ടു ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കുമെന്നും സർക്കാർ അറിയിച്ചു. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട് വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന അടക്കം നൽകിയ ഹർജികൾ ജസ്‌റ്റിസ്‌ മുഹമ്മദ് മുഷ്താഖ്, ജസ്‌റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ബെഞ്ചാണ്‌ പരിഗണിക്കുന്നത്‌. എതിർപ്പുന്നയിക്കാത്ത കൈയേറ്റങ്ങൾ സമയബന്ധിതമായി ഒഴിപ്പിക്കുകയാണ് കർമസേനയുടെ ചുമതലയെന്ന് ഇടുക്കി കലക്ടർ അറിയിച്ചു. കൈയേറിയ സ്ഥലങ്ങളിലെ റിസോർട്ടുകളുടെ പ്രവർത്തനം നിർത്തി വയ്‌പിക്കാൻ കോടതി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട്‌  പരിഗണനയിലുള്ള 70 അപ്പീലുകളിൽ രണ്ടു മാസത്തിനുള്ളിൽ തീരുമാനമെടുക്കും. കൈയേറ്റം ഒഴിപ്പിക്കൽ നടപടികൾ  വ്യക്തമാക്കി പട്ടിക തിരിച്ച് വിവരങ്ങൾ നൽകാനും കോടതി നിർദേശിച്ചു.പരിശീലനം ലഭിച്ചിട്ടും ദുരന്തമേഖലകൾ  കണ്ടെത്താനാകുന്നില്ലെന്ന്‌ പഞ്ചായത്ത് സെക്രട്ടറിമാർ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ എന്ത് ചെയ്യാനാകുമെന്ന്‌ അറിയിക്കാൻ കേന്ദ്രത്തോടും പ്രശ്‌നം രേഖാമൂലം കലക്ടറെ അറിയിക്കാൻ പഞ്ചായത്ത് സെക്രട്ടറിമാരോടും കോടതി നിർദേശിച്ചു. Read on deshabhimani.com

Related News