വിട്ടുവീഴ്‌ചയില്ലാതെ സർക്കാർ; വിഷനാവുകാരന് വിലങ്ങ്
തിരുവനന്തപുരം വർഗീയതയുടെ വിഷവിത്ത് വിതയ്‌ക്കാൻ ശ്രമിച്ച പി സി ജോർജിനെ വീണ്ടും വിലങ്ങണിയിച്ചപ്പോൾ തെളിഞ്ഞത് സർക്കാരിന്റെ വിട്ടുവീഴ്‌ചയില്ലാത്ത മതേതര നിലപാട്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കുറ്റത്തിന് അറസ്‌റ്റിലായ ജോർജിന് ഇനി ആവർത്തിക്കരുതെന്ന നിർദേശത്തോടെയായിരുന്നു തിരുവനന്തപുരം ജെഎഫ്‌സിഎം കോടതി ജാമ്യമനുവദിച്ചത്. എന്നാൽ, പുറത്തിറങ്ങിയപ്പോൾ തന്നെ ജോർജ് ഇത് ലംഘിച്ചു. ദിവസങ്ങൾക്കുള്ളിൽ കൊച്ചി വെണ്ണലയിലും വർഗീയ പ്രസംഗം നടത്തിയതിന് പാലാരിവട്ടം പൊലീസ് കേസെടുത്തു. ഇവ രണ്ടും ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജി സർക്കാരിന് നിയമോപദേശം നൽകി. ഇതനുസരിച്ച് ജെഎഫ്‌സിഎം രണ്ടാം നമ്പർ കോടതിയിൽ ജാമ്യം റദ്ദാക്കാനുള്ള ഹർജി നൽകുകയായിരുന്നു. കൊച്ചി കേസിൽ മുൻകൂർ ജാമ്യം നേടാൻ ശ്രമിച്ച ജോർജും അദ്ദേഹത്തിന്റെ അഭിഭാഷകരും കോടതി നടപടികൾ വൈകിക്കാൻ പരമാവധി ശ്രമിച്ചു. എന്നാൽ, സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചില്ല. പിന്നീട് ഹൈക്കോടതിയിൽനിന്നാണ് മുൻകൂർ ജാമ്യം നേടിയത്. ജാമ്യവ്യവസ്ഥകൾ ലംഘിച്ചതടക്കമുള്ള കാര്യങ്ങൾ സർക്കാർ ഹൈക്കോടതിയെ ധരിപ്പിച്ചു. ഇത് പരിഗണിച്ച ഹൈക്കോടതി മുൻകൂർജാമ്യം അനന്തപുരിയിലെ കേസിനെ ബാധിക്കില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കി. വെണ്ണല പ്രസംഗത്തിന്റെ പകർപ്പ് തുറന്ന കോടതിയിൽ പരിശോധിച്ച ശേഷം ജാമ്യം റദ്ദാക്കുന്നതിൽ തീരുമാനമെടുക്കണമെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ കെ സുജാകുമാരി വാദിച്ചു. ദൃശ്യങ്ങൾ കാണുന്നത് മുടക്കാനുള്ള ശ്രമവും ജോർജ് നടത്തി. സർക്കാരിന്റെ ശക്തമായ നിലപാടാണ് ഇതിനെ ചെറുത്തത്. Read on deshabhimani.com