സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കുക ; എസ്എഫ്ഐ മാർച്ച് നടത്തി



പറവൂർ സ്വകാര്യബസ് ഡ്രൈവറുടെ അശ്രദ്ധമൂലം മാല്യങ്കര എസ്എൻഎം കോളേജിനുമുന്നിൽ വിദ്യാർഥിനി മരിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വകാര്യബസ് സ്റ്റാൻഡിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. പ്രതിഷേധത്തിനിടെ പ്രവർത്തകരിൽ ഒരാൾക്കുനേരെ പൊലീസ് അതിക്രമം നടത്തിയെന്ന്‌ ആരോപിച്ച് സമരക്കാരും പൊലീസും തമ്മിൽ ചെറിയ വാക്കേറ്റമുണ്ടായി. സിപിഐ എം ഏരിയ സെക്രട്ടറി ടി ആർ ബോസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ആദിൽ സുകുമാരൻ അധ്യക്ഷനായി. വ്യാഴം വൈകിട്ട് നാലിന് കോളേജിൽ പരീക്ഷ എഴുതിയശേഷം സഹപാഠിക്കൊപ്പം ബൈക്കിലിരിക്കെ അമിതവേഗത്തിൽ നിയന്ത്രണംവിട്ട ബസ് കയറിയിറങ്ങിയാണ്‌ രണ്ടാംവർഷ ബികോം വിദ്യാർഥിനി ആലുവ കീഴ്മാട് ഇരുമ്പനത്ത് വീട്ടിൽ ജോയിയുടെയും ഷെൽമിയുടെയും മകൾ ജിസ്മി (19) മരിച്ചത്‌. കൊടുങ്ങല്ലൂരിൽനിന്ന് എറണാകുളത്തേക്ക് പോയ സൗപർണിക ബസാണ് അപകടമുണ്ടാക്കിയത്‌. വിദ്യാർഥികളെ കയറ്റാതിരിക്കാൻ കോളേജിനുമുന്നിലെത്തുമ്പോൾ വേഗംകൂട്ടി പതിവായി കടന്നുപോകുന്ന ബസാണിത്. ഇതുസംബന്ധിച്ച് പലവട്ടം എസ്എഫ്ഐ പരാതി ഉന്നയിച്ചെങ്കിലും അധികാരികൾ ഫലപ്രദമായി ഇടപെടാതിരുന്നതാണ് അപകടത്തിൽ എത്തിച്ചത്. സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയറ്റ് അംഗം സേതുപാർവതി, ഏരിയ സെക്രട്ടറി അതുൽ മോഹൻ, ജില്ലാ കമ്മിറ്റി അംഗം കെ എസ് അശ്വതി, കെ എ അതുൽജിത് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News