ജില്ലാ കായികമേള സമാപിച്ചു ; എംഎ സ്പോർട്സ് അക്കാദമി ചാമ്പ്യൻമാർ



കോതമംഗലം ജില്ലാ അത്‌ലറ്റിക് കായികമേളയിൽ എംഎ സ്‌പോർട്സ് അക്കാദമി ചാമ്പ്യൻമാരായി. രണ്ടുദിവസമായി കോതമംഗലം എംഎ കോളേജ് സ്റ്റേഡിയത്തിൽ നടന്ന മേളയിൽ 647 പോയിന്റ്‌ നേടിയാണ് എംഎ സ്പോർട്സ് അക്കാദമി ഓവറോൾ ചാമ്പ്യൻമാരായത്. 359.5 പോയിന്റോടെ കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ റണ്ണറപ്പായി. 162.5 പോയിന്റോടെ മൂക്കന്നൂർ എസ്എച്ച്ഒ എച്ച്എസ് സ്പോർട്സ് അക്കാദമി മൂന്നാംസ്ഥാനവും 154 പോയിന്റോടെ തേവയ്‌ക്കൽ വിദ്യോദയ സ്കൂൾ നാലാംസ്ഥാനത്തുമെത്തി. ആദ്യദിനത്തെപ്പോലെ സമാപനദിവസവും എംഎ സ്പോർട്സ് അക്കാദമിയുടെ പൂർണ ആധിപത്യമായിരുന്നു. അറുപതോളം മത്സരങ്ങളിൽ സ്വർണം നേടി മറ്റ് ടീമുകളെ ബഹുദൂരം പിന്നിലാക്കി. സമാപനദിവസം മേളയിൽ ഒമ്പത് റെക്കോഡുകൾ പിറന്നു. 60 മീറ്ററിൽ (അണ്ടർ 14 പെൺ) തേവക്കൽ വിദ്യോദയ സ്കൂളിന്റെ അൻവിത അഭിലാഷ് (8.8 സെക്കൻഡ്), ജാവലിൻ (അണ്ടർ 14 പെൺ) എരൂർ ബിവിഎമ്മിന്റെ അലിഷ അൻഷോ (16 മീറ്റർ), 200 മീറ്റർ (പെൺ) എംഎ അക്കാദമിയുടെ കെ സ്നേഹ (25 സെക്കൻഡ്), 60 മീറ്ററിൽ (അണ്ടർ 14 ആൺ) തേവക്കൽ വിദ്യോദയയുടെ റൂബെൻ ജോൺ എബ്രഹാം (7.6 സെക്കൻഡ്), 4 X 100 റിലേ തേവക്കൽ വിദ്യോദയ (52 സെക്കൻഡ്), ജാവലിൻ (അണ്ടർ 14 ആൺ) തേവക്കൽ വിദ്യോദയയുടെ വി സാത്വിക് (19.8 മീറ്റർ), 300 മീറ്റർ (അണ്ടർ 16 ആൺ) കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന്റെ കെ എസ് റോഷിൻ (39.5 സെക്കൻഡ്), 80 മീറ്റർ ഹർഡിൽസിൽ (അണ്ടർ 16 ആൺ) വെങ്ങോല ശാലോം സ്കൂളിന്റെ വി ആർ ജുവൽ കൃഷ്ണ (12 സെക്കൻഡ്), 5000 മീറ്റർ (അണ്ടർ 20 പെൺ) എംഎ അക്കാദമിയിലെ ആൻസ് മരിയ തോമസ് (21.16.9 മിനിറ്റ്) എന്നിവരാണ് ഞായറാഴ്ച റെക്കോഡിട്ടത്.   Read on deshabhimani.com

Related News