ജിഎസ്ടി പുനഃസംഘടന
പഠിക്കാൻ ആന്ധ്ര സംഘം 
സംസ്ഥാനത്ത്



തിരുവനന്തപുരം സംസ്ഥാനത്തെ ജിഎസ്ടി വകുപ്പിന്റെ പുനഃസംഘടനയെക്കുറിച്ചു പഠിക്കാൻ ആന്ധ്രപ്രദേശിൽനിന്നുള്ള ഉന്നതതല ഉദ്യോഗസ്ഥ സംഘം കേരളത്തിലെത്തി. ജിഎസ്ടി വകുപ്പിൽ രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ പുനഃസംഘടന നടന്നത് കേരളത്തിലാണെന്ന് സംഘം പറഞ്ഞു. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും ജിഎസ്ടി പുനഃസംഘടന പഠിക്കാൻ പോയിട്ടുണ്ടെങ്കിലും വാറ്റ് നിയമത്തിന്റെ രീതിയിൽനിന്നു പൂർണമായും ജിഎസ്ടിയിലേക്കു മാറിയ ഭരണസംവിധാനം കേരളത്തിന്റേത് മാത്രമാണെന്നും അതു രാജ്യത്തിനു മാതൃകയാണെന്നും സംഘം പറഞ്ഞു. കേരളത്തിലെ ജിഎസ്ടി ഇന്റലിജൻസിന്റെ പ്രവർത്തനം പഠിക്കുന്നതിനായി ആന്ധ്രപ്രദേശിൽ നിന്നുള്ള 22 അംഗ ഉദ്യോഗസ്ഥ സംഘമാണ് കേരളം സന്ദർശിച്ചത്. കഴിഞ്ഞ 11 മുതൽ 15 വരെ സംഘത്തിനായി സംസ്ഥാന നികുതി വകുപ്പ് ശ്രീകാര്യത്തുള്ള ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രീകരിച്ച് ക്ലാസുകളും ശിൽപ്പശാലകളും ഫീൽഡ് വിസിറ്റുകളും സംഘടിപ്പിച്ചു. ആന്ധ്രപ്രദേശ് ചീഫ് കമീഷണർ എം ഗിരിജാശങ്കർ, സ്‌പെഷ്യൽ കമീഷണർ എം അഭിഷേക്ത് കുമാർ, ജോയിന്റ് കമീഷണർ ഒ ആനന്ദ്, അഡീഷണൽ കമീഷണർ കൃഷ്ണമോഹൻ റെഡ്ഡി എന്നിവർ അടങ്ങുന്ന സംഘമാണ് പഠനത്തിനായി വന്നത്. സംസ്ഥാന ജിഎസ്ടി കമീഷണർ അജിത് പട്ടീൽ, അഡീഷണൽ കമീഷണർ എബ്രഹാം റെൻ എന്നിവരുടെ നേതൃത്വത്തിൽ പരിശീലനം നയിച്ചു. കർണാടകം, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ തുടർച്ചയായാണ് ആന്ധ്രപ്രദേശ് സംഘം കേരളത്തിൽ വരുന്നത്. കേരളത്തിന്റെ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം പുനഃസംഘടനയ്ക്കുശേഷം ഈ സാമ്പത്തിക വർഷംമാത്രം 325ൽപ്പരം പരിശോധനകൾ നടത്തി. മൂന്നു വർഷത്തിനു മുന്നേ അഞ്ചു കോടി രൂപ മാത്രമുണ്ടായിരുന്ന കലക്‌ഷൻ ഈ സാമ്പത്തികവർഷം 1090 കോടി രൂപയിലധികമായി കുതിച്ചുചാടി. Read on deshabhimani.com

Related News