മദ്രസാ ക്ഷേമനിധി പെൻഷൻ 1500 രൂപയാക്കും : കെ ടി ജലീൽ
തിരുവനന്തപുരം മദ്രസാ ക്ഷേമനിധിയിൽ അംഗങ്ങളായ അധ്യാപകരുടെ പ്രതിമാസ പെൻഷൻ 1500 രൂപയാക്കി ഉയർത്തുമെന്ന് മന്ത്രി കെ ടി ജലീൽ നിയമസഭയെ അറിയിച്ചു. നിലവിൽ ആയിരം രൂപയാണ് പെൻഷൻ. അംശാദായം ഒടുക്കൽ ഓൺലൈൻവഴിയാക്കാനുള്ള നടപടികൾ തുടങ്ങി. സി- ഡിറ്റ് ഇത് സംബന്ധിച്ച് പ്രൊപ്പോസൽ നൽകിയതായും 2019-ലെ കേരള മദ്രസാധ്യാപക ക്ഷേമനിധി ബില്ലിൽ നടന്ന ചർച്ചയ്ക്കുള്ള മറുപടിയിൽ അദ്ദേഹം പറഞ്ഞു. ഓരോമാസവും വിഹിതം അടയ്ക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് പലരും അംഗമാകാൻ മടിക്കുന്ന സ്ഥിതിയാണുള്ളത്. ഇക്കാര്യം നിരവധിപേർ ചൂണ്ടിക്കാട്ടിയിരുന്നു 22,500 അധ്യാപകരാണ് ക്ഷേമനിധിയിൽ അംഗമായിട്ടുള്ളത്. 2,046,83 മദ്രസാ അധ്യാപകരാണ് സംസ്ഥാനത്തുള്ളത്. ഈ വർഷം അംഗത്വം 50,000 ആക്കും. ന്യൂനപക്ഷവിഭാഗങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് പുതിയ എട്ട് മൈനോറിറ്റി കോച്ചിങ് സെന്ററുകൾ തുടങ്ങി. ഏഴ് എണ്ണം കൂടി തുടങ്ങും. ന്യൂനപക്ഷ പോളിടെക്നിക് വിദ്യാർഥികൾക്കായി എ പി ജെ അബ്ദുൾ കലാമിന്റെ പേരിൽ 6000 രൂപയുടെ സ്കോളർഷിപ് ഏർപ്പെടുത്തി. നേഴ്‌സിങ് വിദ്യാർഥികൾക്കായി മദർ തെരേസ സ്‌കോളർഷിപ്പും ഏർപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. Read on deshabhimani.com