സുഭാഷ് പാർക്കിൽ പുതിയ 
ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചു



കൊച്ചി സുഭാഷ് പാർക്കിൽ പുതിയ ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചു. കോർപറേഷന്റെ നേതൃത്വത്തിൽ ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ സഹകരണത്തോടെയാണ് പ്ലാന്റ് നിർമിച്ചത്. ചൊവ്വാഴ്ച മേയർ എം അനിൽകുമാറും ബിപിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ അഭയ്‌രാജ് സിങ് ഭണ്ഡാരിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ദിവസം 50,000 ലിറ്റർ ജലശുദ്ധീകരണശേഷിയുള്ള പ്ലാന്റാണ് സ്ഥാപിച്ചത്. ശുദ്ധീകരിക്കുന്ന ഭൂഗർഭജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സാൻഡ് ഫിൽറ്റർ, കാർബൺ ഫിൽറ്റർ, ഇരുമ്പിന്റെ അംശം നീക്കാനുള്ള ഫിൽറ്റർ എന്നിവ പ്ലാന്റിലുണ്ട്. സുഭാഷ് പാർക്കിൽ നിലവിൽ ജലസേചനത്തിനായി ഉപയോഗിക്കുന്നത് കുഴൽക്കിണറിൽനിന്നുള്ള വെള്ളമാണ്. ഇതിലെ ഉയർന്ന ഇരുമ്പിന്റെ അംശവും ലവണാംശവും പാർക്കിലെ ചെടികൾക്ക് പ്രശ്നമായിരുന്നു. പ്ലാന്റ് വന്നതോടെ ഇതിന് പരിഹാരമാകും. പൊതുജനങ്ങൾക്ക് കുടിവെള്ളത്തിനായി രണ്ട് വാട്ടർ പ്യൂരിഫയറുകളും പാർക്കിൽ സ്ഥാപിച്ചു. ഡെപ്യൂട്ടി മേയർ കെ എ അൻസിയ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ ജെ സനൽമോൻ, പി ആർ റെനീഷ്, ഷീബ ലാൽ, സുനിത ഡിക്സൺ, പ്രിയ പ്രശാന്ത്, കൗൺസിലർ പത്മജ എസ് മേനോൻ, വി പി ഷിബു, ജോർജ് തോമസ്, വിനീത് എം വർഗീസ് തുടങ്ങിയർ സംസാരിച്ചു. Read on deshabhimani.com

Related News