തൃക്കാക്കരയിൽ മഴക്കെടുതി ; റോഡിലേക്ക് മരംവീണ്‌ ഗതാഗതം തടസ്സപ്പെട്ടു



തൃക്കാക്കര അതിശക്തമായ മഴയിൽ തൃക്കാക്കരയിൽ വിവിധയിടങ്ങളിൽ മഴക്കെടുതികൾ തുടരുന്നു. രണ്ടിടത്ത് മരം റോഡിലേക്ക് വീണ്‌ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഭാരതമാതാ കോളേജിനുസമീപം സീപോർട്ട്–-എയർപോർട്ട് റോഡിലേക്ക് ശനി രാവിലെ എട്ടരയോടെ കൂറ്റൻ അക്വാഷ്യ മരം കടപുഴകി മൂന്നുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തൃക്കാക്കര അഗ്നി രക്ഷാസേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ആലുവ ഭാഗത്തുനിന്ന്‌ സീപോർട്ട്–-എയർപോർട്ട് വഴി മുഖ്യമന്ത്രി തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോകുമെന്ന് അറിയിപ്പുണ്ടായെങ്കിലും വാഹനം ഇടപ്പള്ളിവഴി തിരിച്ചുവിട്ടു. പാലാരിവട്ടം സിവിൽലൈൻ റോഡിൽ പടമുകൾ പള്ളിക്കുസമീപം മരക്കൊമ്പ് റോഡിലേക്ക് ഒടിഞ്ഞുവീണ്‌ ഗതാഗതം തടസ്സപ്പെട്ടു. റോഡരികിൽ പാർക്കുചെയ്ത കാറിനുമുകളിലേക്കാണ് മരക്കൊമ്പ് വീണത്. കാറ് ഭാഗികമായി തകർന്നു. പെരിയാർവാലി കനാൽ നിറഞ്ഞൊഴുകിയതുമൂലം കനാലിനോടുചേർന്നുള്ള തൃക്കാക്കര നിവാസികൾ ദുരിതത്തിലായി. കാക്കനാട് തെങ്ങോട് ഹൈസ്കൂളിലെ മൺതിട്ട ഇടിഞ്ഞു. തെങ്ങോട് ചോഴിക്കര അമ്പലം റോഡിനോടുചേർന്ന് 30 അടി താഴ്ചയിലാണ് മൺതിട്ട ഇടിഞ്ഞത്. മണ്ണിടിച്ചിൽ ഭീഷണിയിൽ കഴിയുന്ന കീരേലിമല കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കാക്കനാട് എംഎഎഎൽപി സ്കൂളിലാണ് ക്യാമ്പ് തുറന്നത്. ആറ്‌ കുടുംബങ്ങളിൽനിന്നുള്ള 26 പേർ ക്യാമ്പിലുണ്ട്‌. Read on deshabhimani.com

Related News