കരുമാല്ലൂരിലെ നെൽപ്പാടങ്ങൾ വെള്ളത്തിനടിയിൽ ; കർഷകർ ആശങ്കയിൽ



ആലങ്ങാട് തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ കരുമാല്ലൂരിലെ നെൽപ്പാടങ്ങൾ വെള്ളത്തിലായതോടെ കർഷകർ ആശങ്കയിൽ. വെളിയത്തുനാട് കിഴക്ക് പാടശേഖരസമിതിയുടെ കീഴിലുള്ള 25 ഏക്കറോളം പാടശേഖരം പൂർണമായും വെള്ളത്തിനടിയിലായി. കഴിഞ്ഞദിവസങ്ങളിലാണ് ഇവിടെ ഞാറുനട്ടത്‌. വെളിയത്തുനാട് വയലോട്ടം ചാലു ഭാഗത്ത്‌ 30 ഏക്കറോളം നിലത്തിൽ ഞാറ് മുളപ്പിക്കാനായി വിത്തുപാകിയിരുന്നു. ഇതും മഴ കനത്തതോടെ വെള്ളത്തിൽ മുങ്ങി. കഠിനാധ്വാനത്തിലൂടെ നിലം ഒരുക്കിയും ലക്ഷങ്ങൾ ചെലവഴിച്ചുമാണ് കർഷകർ കൃഷി ആരംഭിച്ചത്. പൊന്മണി ഇനത്തിൽപ്പെട്ട നെല്ലാണ് കൃഷി ചെയ്യുന്നത്. ഇത് മൂന്നോ നാലോ ദിവസംവരെ വെള്ളത്തിൽ മുങ്ങിക്കിടന്നാലും നശിക്കില്ല. എന്നാൽ, തുടർച്ചയായി പെയ്യുന്ന മഴയ്‌ക്ക് ശമനമുണ്ടായില്ലെങ്കിൽ കാര്യങ്ങൾ അവതാളത്തിലാകും. പാടത്ത് കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിപ്പോകാനുള്ള മതിയായ മാർഗങ്ങളില്ലാത്തതും കർഷകരുടെ ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഇടത്തോടുകളുടെ നവീകരണം നടക്കുന്നുണ്ടെങ്കിലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. കഴിഞ്ഞ മഴയത്ത് വെളിയത്തുനാട് പടിഞ്ഞാറൻ പാടശേഖരസമിതിയുടെ നൂറേക്കറോളം പാടം വെള്ളത്തിൽ മുങ്ങിയിരുന്നു. Read on deshabhimani.com

Related News