വിയർക്കാതെ ആടാം, ആനന്ദ നടനം
വെള്ളരിക്കുണ്ട് അലച്ചിലുകൾക്ക് വിടനൽകി സച്ചു സതീഷ് ഇനി സന്തോഷത്തോടെ നൃത്തമാടും. ജില്ലാ സ്‌കൂൾ കലോത്സവത്തിൽ മൂന്ന് നൃത്തയിനങ്ങളിൽ ഒന്നാംസ്ഥാനംനേടിയ കടുമേനി പട്ടികവർഗ ഉന്നതിയിലെ സച്ചു സതീഷിനാണ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനുള്ള ആടയാഭരണങ്ങൾ പട്ടികവർഗ വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ടിൽ ഉൾപ്പെടുത്തി നൽകിയത് . ഹൈസ്കൂൾ വിഭാഗം കുച്ചിപ്പുഡി, ഭരതനാട്യം, കേരളനടനം ഇനങ്ങളിലാണ് ജില്ലയെ പ്രതിനിധീകരിച്ച് തോമാപുരം ഹയർ സെക്കൻഡറി സ്‌കൂൾ പത്താംക്ലാസ് വിദ്യാർഥിയായ സച്ചു മത്സരിക്കുന്നത്. പ്രതിസന്ധിയും പരീക്ഷണങ്ങളും വഴിമുടക്കിയപ്പോഴും കലോത്സവത്തിൽ പങ്കെടുത്ത് മൂന്നിനങ്ങളിൽ ഒന്നാമതെത്തിയ സച്ചുവിനെക്കുറിച്ച് ദേശാഭിമാനി വാർത്ത നൽകിയിരുന്നു. ഭരതനാട്യത്തിന് ആവശ്യമായ വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി നൽകി. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ ബാബു അധ്യക്ഷനായി. എച്ച് സി ഇക്ബാൽ, എം വിഷ്ണു, പി ആനന്ദ് എന്നിവർ സംസാരിച്ചു. കേരള നടനത്തിന് ആവശ്യമായ വസ്ത്രങ്ങളും ആഭരണങ്ങളും ബ്ലോക്ക് പഞ്ചായത്ത് നൽകിയിരുന്നു. കലോത്സവത്തിൽ പങ്കെടുക്കാൻ യാത്രചിലവിനും മറ്റുമുള്ള തുക ഈസ്റ്റ് എളേരി പഞ്ചായത്തിൽ നടന്ന അനുമോദന ചടങ്ങിൽ എം രാജഗോപാലൻ എംഎൽഎ കൈമാറിയിരുന്നു. Read on deshabhimani.com