എവിടെ ഗൂഢാലോചന ?
കാസർകോട് പെരിയ കൊലപാതകക്കേസിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന കോൺഗ്രസുകാരുടെ നുണപ്രചരണത്തിന്, സിബിഐ കോടതിവിധി തടയിട്ടു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ, മുൻ ഏരിയാസെക്രട്ടറി കെ മണികണ്‌ഠൻ, രാഘവൻ വെളുത്തോളി, കെ വി ഭാസ്‌കരൻ എന്നിവർക്ക് കൊലപാതകത്തിലോ ഗൂഢാലോചനയിലോ പങ്കില്ലെന്ന് കോടതി പ്രഖ്യാപിച്ചു. പൊലീസിന്റെ ജോലിക്ക് തടസ്സം നിന്നുവെന്ന സെക്‌ഷൻ 225 പ്രകാരമുള്ള കുറ്റം മാത്രമാണ് ഇവർക്കെതിരെ ചുമത്തിയത്. അതിനാൽതന്നെ ഇവർക്ക് ഉടൻ ജാമ്യം ലഭിക്കുകയും ചെയ്‌തു. സിപിഐ എമ്മിന്റെ ബ്രാഞ്ചുമുതൽ സംസ്ഥാന തലം വരെ ഗൂഡാലോചന നടന്നുവെന്നാണ് കോൺഗ്രസുകാർ മാധ്യമങ്ങളിലൂടെ നിരന്തരം പ്രചരിപ്പിച്ചത്. എന്നാൽ ഒന്നാം പ്രതി പീതാംബരൻ വ്യക്തിപരമായി ഏർപ്പാടാക്കി നടത്തിയ കൊലയെന്ന സിപിഐ എമ്മിന്റെ ആദ്യവാദത്തിൽ തന്നെയാണ് കോടതി കണ്ടെത്തലും എത്തിനിൽക്കുന്നത്. ഒന്നുമുതൽ എട്ടുവരെ പ്രതികൾക്കാണ് കോടതി കൊലക്കുറ്റം ചുമത്തിയത്. അത് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയതുതന്നെ. സിബിഐയെ കൊട്ടിഘോഷിച്ച് എത്തിച്ച്, കണ്ടെത്തിയ 10 പ്രതികളിൽ ആറുപേരും കുറ്റക്കാരല്ലെന്നാണ് കോടതി കണ്ടെത്തിയത്. സിപിഐ എം നേതാക്കളെ അറസ്‌റ്റ് ചെയ്‌ത് പാർടിയെ തകർക്കാനുള്ള രാഷ്ട്രീയ ഉദ്ദേശ്യമാണ് സിബിഐക്കുണ്ടായിരുന്നത്. ഇവർ കുറ്റം ചുമത്തിയ പത്തിൽആറുപേരേയും വെറുതെ വിട്ടതോടെ, സിബിഐയുടെ രാഷ്ട്രീയ ഉദ്ദേശം ഒന്നുകൂടി വെളിപ്പെടുന്നു. ഈ രാഷ്ട്രീയ ഉദ്ദേശം അംഗീകരിക്കില്ലെന്നതിനാലാണ്, നേതാക്കൾക്കായി മാത്രം സിപിഐ എം നിയമപേരാട്ടം നടത്തിയത്. കൊലപാതകം നടന്ന്, പ്രതികളെ അറസ്‌റ്റ് ചെയ്‌തശേഷം ബേക്കൽ പൊലീസ് സ്‌റ്റേഷനിൽ പൊലീസിന്റെ ജോലി തടസ്സപ്പെടുത്തി എന്നാണ് നേതാക്കൾക്കെതിരെ ചുമത്തിയ കുറ്റം. ഇങ്ങനെയൊരു കുറ്റം നടന്നുവെങ്കിൽ അതിന് എഫ്‌ഐആറിടണം. സ്‌റ്റേഷനിൽ ഇലയനങ്ങിയെങ്കിൽ ജിഡി രേഖകളിലും കാണണം. എന്നാൽ അത്തരം രേഖയൊന്നുമില്ല. മാത്രമല്ല, ജോലി തടസ്സപ്പെടുത്തിയെന്ന് മൊഴി നൽകിയ എഎസ്‌ഐ, അന്ന് പെരിയാട്ടടുക്കത്ത് ഉണ്ടായ അപകടസ്ഥലത്ത് എഫ്‌ഐആറിടാൻ പോയതായി തെളിവുണ്ട്. അന്വേഷണ സംഘത്തിന്റെ ഭീഷണിയിൽ ചിലർ വ്യാജമൊഴി നൽകിയതായി അന്നുതന്ന ആരോപണം ഉയർന്നിരുന്നു. ബേക്കൽ സ്‌റ്റേഷനിൽ വാർത്തയെടുക്കാൻ പോയപ്പോൾ കണ്ടുവെന്ന പേരിൽ, യുഡിഎഫ് അനുകൂല പത്രത്തിന്റെ പ്രാദേശിക ലേഖകന്റെ മൊഴിയാണ് വിശുദ്ധ തെളിവായി അന്വേഷണസംഘം നേതാക്കൾക്കെതിരെ കോടതിയിൽ സമർപ്പിച്ചത്. Read on deshabhimani.com