കാസർകോട് ടൗൺ മേൽപ്പാലം പണി പൂർത്തിയായി
കാസർകോട് കേരളത്തിലെ ദേശീയപാതയിൽ ഏറ്റവും വലിയ മേൽപ്പാലവും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ പാലവുമായ കാസർകോട് ടൗൺ മേൽപ്പാലത്തിന്റെ അവസാന കോൺക്രീറ്റ് ജോലിയും പൂർത്തിയായി. 1.130 കിലോമീറ്റർ ദൈർഘ്യമുള്ള പാലത്തിന് 29 സ്‌പാനാണുള്ളത്. 29ാമത്തെ സ്‌പാനിന്റെ കോൺക്രീറ്റാണ് വെള്ളിയാഴ്‌ച പൂർത്തിയായത്. 28ാം ദിവസം തട്ടഴിക്കുന്നതോടെ, കാസർകോട് മേൽപ്പാലം സജ്ജമാകും. ആറുവരി പാതയിലെ വയറിങ് ജോലികളെല്ലാം ഇതിനിടയിൽ തന്നെ പൂർത്തിയാക്കും. കറന്തക്കാട് അഗ്‌നി രക്ഷാനിലയത്തിന് മുന്നിൽനിന്നും തുടങ്ങി നുള്ളിപ്പാടി അയ്യപ്പക്ഷേത്രത്തിന് മുന്നിലാണ് പാലം അവസാനിക്കുന്നത്. മൊത്തം 30 തൂണുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി (യുഎൽസിസി)യാണ് പാലം നിർമാതാക്കൾ. 39 കിലോമീറ്റർ ദൂരമുള്ള തലപ്പാടി ചെങ്കള ദേശീയപാത റീച്ചിലുൾപ്പെട്ടതാണ് കാസർകോട് ടൗൺ മേൽപ്പാലം. ആകെ നിർമാണച്ചെലവ് 1703 കോടി. 2021 നവംബർ 18നാണ് പാത നിർമാണം തുടങ്ങിയത്. മൊത്തം 45 മീറ്റർ വീതിയിലുള്ള പാതയിൽ 27 മീറ്റർ വീതിയിലാണ് ആറുവരി പ്രധാനറോഡ്. സർവീസ് റോഡ് ഭാഗത്തിന് 18 മീറ്ററും. 3.5 മീറ്ററാണ് ആറുവരിപ്പാതയിലെ ഒരുപാതയുടെ വീതി. ദേശീയപാതയ്‌ക്ക് ഇരുഭാഗത്തുമായി 70 കിലോമീറ്റർ നീളത്തിലാണ് സർവീസ് റോഡ്. 6.75 മീറ്റർ വീതിയുള്ള സർവീസ് റോഡിൽ ഇരുഭാഗത്തേക്കും യാത്ര സാധ്യമാക്കും. വശത്ത് ബസ്ബേയും പണിയും. നിലവിൽ മൊഗ്രാൽ മുതൽ ചെങ്കളവരെ മിക്കവാറും ദേശീയപാത നിർമാണം കഴിഞ്ഞു. നുള്ളിപ്പാടി കെയർവെൽ ആശുപത്രിക്ക് മുന്നിലും നായന്മാർമൂലയിൽ ചിലഭാഗത്തും മാത്രമാണ് പണിതീരാനുള്ളത്. മൊഗ്രാലിന് വടക്കോട്ട് കുമ്പള ടൗൺ, കൈക്കമ്പ, ഷിറിയ ഭാഗത്തും പണി തീരാനുണ്ട്. Read on deshabhimani.com