തുടിപ്പിലൂടെ പൊലീസ് വരുന്നു പുത്തൻ ‘കാപ്പു'മായി
കാസർകോട് ആടിയും പാടിയും രണ്ടുദിവസം സർഗാത്മകമാക്കി കുട്ടികളെ പുതുലോകത്തേക്ക് നയിച്ച് "തുടിപ്പ്' ക്യാമ്പ്. വിദ്യാർഥികളിൽ സർഗാത്മകതയും ഉത്തരവാദിത്തബോധവും സാമൂഹ്യ പ്രതിബദ്ധതയും വളർത്തി കുടുംബത്തിലും സമൂഹത്തിലും ഉത്തമ പൗരന്മാരായി വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ സോഷ്യൽ പൊലീസിങ് ഡിവിഷനും ജില്ലാ വിദ്യാഭ്യാസ വകുപ്പും സഹകരിച്ച് കാസർകോട് ഗവ. യുപി സ്‌കൂളിൽ നടപ്പാക്കുന്ന "ചൈൽഡ് ആൻഡ് പൊലീസ്'(കാപ്) പദ്ധതിയുടെ ഭാഗമായാണ് സഹവാസ ക്യാമ്പ് സംഘടിപ്പിച്ചത്. ഇതിനായി സ്‌കൂളിൽ "ഇതൾ സർഗവേദി' ക്ലബ്ബും രൂപീകരിച്ചു. മുതിർന്ന ക്ലാസുകളിലെ കുട്ടികളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് ആരംഭിച്ച സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ്, ഹോപ് പദ്ധതികൾ വിജയമായിരുന്നു. ഇതെതുടർന്നാണ് യുപി വിദ്യാർഥികൾക്കായി "ചൈൽഡ് ആൻഡ് പൊലീസ്' പദ്ധതി തുടങ്ങുന്നത്. മുതിർന്ന ക്ലാസുകളിലെ കുട്ടികളിൽ ലഹരി ഉപയോഗം കൂടുന്നതായി ശ്രദ്ധയിൽപെടുകയും അവരെ തിരുത്തിക്കാൻ പ്രയാസം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചെറുപ്രായത്തിലേ കുട്ടികളെ ബോധവാന്മാരാക്കാനുള്ള പ്രവർത്തനം നടത്തുന്നത്. അഡീഷണൽ എസ്‌പിയും സോഷ്യൽ പൊലീസിങ് ഡിവിഷൻ ജില്ലാ നോഡൽ ഓഫീസറുമായ പി ബാലകൃഷ്‌ണൻ നായരാണ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി. ഔദ്യോഗിക ഉദ്‌ഘാടനം ജനുവരിയിൽ. സ്‌കൂളിലെ തെരഞ്ഞെടുക്കപ്പെട്ട 80 വിദ്യാർഥികൾക്കായി സംഘടിപ്പിച്ച "തുടിപ്പ്' സഹവാസ ക്യാമ്പിൽ മജീഷ്യൻ പ്രൊഫ. ഗോപിനാഥ് മുതുകാട് എത്തിയത് ഏവരെയും ആവേശത്തിലാക്കി. കുട്ടികൾക്കൊപ്പം രണ്ടുമണിക്കൂർ ചെലവഴിച്ചാണ് മടങ്ങിയത്. സമാപന യോഗം ഡിഡിഇ ടി വി മധുസൂദനൻ ഉദ്‌ഘാടനംചെയ്‌തു. പി ആദിത്യൻ അധ്യക്ഷനായി. ക്ലാമ്പ് ഡയറക്ടർ എ ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കാസർകോട് എസ്‌ഐ കെ പ്രതീഷ് കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകി. Read on deshabhimani.com