പേരോൽ വില്ലേജ്‌ ഓഫീസിൽ വെള്ളമെത്തും

പേരോൽ വില്ലേജ് ഓഫീസിലേക്ക് കുടിവെള്ള കണക്ഷൻ നൽകാനായി കുഴിയെടുക്കുന്നു


നീലേശ്വരം വള്ളിക്കുന്നിലെ പേരോൽ വില്ലേജ് ഓഫീസിൽ കുടിവെള്ള കണക്‌ഷൻ നൽകാൻ  വാട്ടർ അതോറിറ്റി നടപടി തുടങ്ങി. ഓഫീസിൽ വെള്ളമില്ലാത്തതിന്റെ ദുരിതത്തെക്കുറിച്ച് ദേശാഭിമാനി വ്യാഴാഴ്ച്ച വാർത്ത നൽകിയിരുന്നു. തുടർന്നാണ് വെള്ളി രാവിലെ കണക്ഷൻ നൽകാനുള്ള നടപടികൾ തുടങ്ങിയത്. പൈപ്പിടാനുള്ള കുഴിയെടുക്കലാണ് തുടങ്ങിയത്.  കുടിവെള്ള കണക്ഷന് അപേക്ഷിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും  അതോറിറ്റിയുടെ അനാസ്ഥകാരണം  നാല് സ്ത്രീ ജീവനക്കാരുൾപ്പെടെയുള്ള ഓഫീസ് ജീവനക്കാർ കഷ്ടപ്പെടുകയായിരുന്നു. 16 വർഷമായി പാർട് ടൈം സ്വീപ്പറായി ജോലിചെയ്യുന്ന പാലായി വെള്ളിയടുക്കത്തെ രാജൻ റോഡ് മുറിച്ചുകടന്ന് കിഴക്കുവശത്തുള്ള വീടുകളിൽ നിന്നുമാണ് വെള്ളം കൊണ്ടുവരുന്നത്.  വാർത്തയ്ക്ക് പിന്നാലെ കലക്ടറും, എംഎൽഎയും  പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് ജല അതോറിറ്റി ഉണർന്നത്. നാലുമാസംമുമ്പ്‌ ജലവകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് 30,000 രൂപ കെട്ടിവെച്ചെങ്കിലും നടപടിയുണ്ടായിരുന്നില്ല.  വില്ലേജ് ഓഫീസറടക്കം ആറ് ജീവനക്കാരാണ് ഓഫീസിലുള്ളത്. ഇതിൽ ഭൂരിപക്ഷവും വനിതാ ജീവനക്കാരാണ്. വനിത ജീവനക്കാരാണെങ്കിൽ ഓഫീസിൽ വെള്ളം കൂടുതലായി ആവശ്യം വരുന്ന സന്ദർഭങ്ങളിൽ അവധി എടുക്കേണ്ട സ്ഥിതിയിലായിരുന്നു. വൈകിയാണെങ്കിലും  കണക്ഷൻ നൽകാൻ തയ്യാറായതിൽ സന്താേഷമുണ്ടെന്ന് വില്ലേജ് ഓഫീസർ സിന്ധുവും  വികസന സമിതി പ്രതിനിധി കരുവക്കാൽ ദാമോദരനും പറഞ്ഞു. Read on deshabhimani.com

Related News