ടാറ്റ ആശുപത്രിയുടെ അഞ്ചേക്കർ ആരോഗ്യവകുപ്പിന്
ഉദുമ ചട്ടഞ്ചാൽ ടാറ്റ ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റ് സ്ഥാപിക്കാൻ അഞ്ചേക്കർ ഭൂമി ആരോഗ്യവകുപ്പിന് കൈമാറിയതായി സി എച്ച് കുഞ്ഞമ്പു എംഎൽഎ അറിയിച്ചു. അഞ്ച് ഏക്കർ സ്ഥലവും 23.75 കോടി രൂപയും 191 തസ്തികകളും അനുവദിച്ച സ്ഥിതിയിൽ ചട്ടഞ്ചാൽ ടാറ്റ ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള കെട്ടിടം സജ്ജമാക്കിയാൽ മാത്രം മതി. ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡ് കമ്പനിയെയാണ് ഇതിന്റെ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ ഏൽപ്പിച്ചിട്ടുള്ളത്. ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രത്യേകസാഹചര്യം കണക്കിലെടുത്താണ് കോവിഡ് കാലത്ത് ടാറ്റ സിആർഎസ് ഫണ്ടിൽ ഉൽപ്പെടുത്തി ആശുപത്രിയായി നിർമിച്ചത്. തെക്കിൽ വില്ലേജിലെ 4.12 ഏക്കർ സ്ഥലത്ത് ആറ് ബ്ലോക്കുകളിയായി 128 പ്രീഫാബ്രിക്കേറ്റഡ് സ്ട്രച്ചറിലുള്ള കണ്ടെയ്‌നറുകളിലായിരുന്നു ആശുപത്രി. ഇവിടെ അയ്യായിരത്തോളം കോവിഡ് രോഗികൾക്ക് ചികിത്സ നൽകി. ഇതിനായി സർക്കാർ സ്‌പെഷ്യാലിറ്റി ഡോക്ടർ തസ്തികയടക്കം 191 ജീവനക്കാരുടെ തസ്തികയും അനുബന്ധഉപകരണങ്ങളും അനുവദിച്ചിരുന്നു. കോവിഡിനുശേഷം ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റ് ആശുപത്രിയായി ഉയർത്താനുള്ള നടപടി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചത്. ഇത് യാഥാർഥ്യമാക്കാൻ പ്രധാനതടസം നിലവിൽ ടാറ്റ കോവിഡ് ആശുപത്രി റവന്യൂഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്നും ഇത് ആരോഗ്യവകുപ്പിന് കൈമാറിയില്ല എന്നുമായിരുന്നു. ഭൂമി ആരോഗ്യവകുപ്പിന് കൈമാറി കിട്ടാൻ എംഎൽഎ കലക്ടറേറ്റിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗം വിളിച്ചു ചേർത്ത് പ്രപ്പോസൽ സർക്കാറിന് സമർപ്പിച്ചു. വിഷയം മുഖ്യമന്ത്രിയുടേയും റവന്യൂ-–-ആരോഗ്യമന്ത്രിമാരുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെതുടർന്ന് അഞ്ചേക്കർ ഭൂമി ആരോഗ്യ വകുപ്പിന് കൈമാറിയത്. ഇനി കലക്ടർ ഭൂമി ആരോഗ്യവകുപ്പിന് വിട്ടുനൽകിയാൽ മതി. Read on deshabhimani.com