ജില്ലാകേരളോത്സവം കലാമത്സരം കല്യാശേരി ബ്ലോക്ക് ചാമ്പ്യന്മാർ
അഴീക്കോട് ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിന്റെ കലാമത്സരങ്ങളിൽ 240 പോയിന്റോടെ കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് ചാമ്പ്യന്മാരായി. വാശിയേറിയ പോരാട്ടത്തിനൊടുവിൽ 211 പോയിന്റോടെ കണ്ണൂർ കോർപ്പറേഷൻ രണ്ടാം സ്ഥാനം നേടി. 207 പോയിന്റോടെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്താണ് മൂന്നാംസ്ഥാനത്ത്. മട്ടന്നൂർ നഗരസഭയിലെ നീലാംബരി പി നായർ കലാതിലകമായി. തലശേരി നഗരസഭയിലെ വി വൈഷ്ണവ് കലാപ്രതിഭയായി. അഴീക്കോട് എച്ച്എസ്എസ്, അക്ലിയത്ത് എൽപി സ്‌കൂൾ, അഴീക്കോട് ബാങ്ക് ഹാൾ, അഴീക്കോട് പഞ്ചായത്ത് സ്റ്റേഡിയം എന്നീ നാല് വേദികളിലായാണ് കലാമത്സരങ്ങൾ നടന്നത്. സംസ്ഥാനതല, ദേശീയതല മത്സരങ്ങൾ പ്രത്യേകമായാണ് നടത്തിയത്. വിജയികൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും. സമാപന സമ്മേളനം കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സമ്മാനദാനവും എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷ ടി സരള, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, യുവജനക്ഷേമ ബോർഡംഗം വി കെ സനോജ്, ജില്ലാ കോ ഓഡിനേറ്റർ സരിൻ ശശി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പ്രസീത തുടങ്ങിയവർ നേതൃത്വം നൽകി. മൂന്നുദിവസമായി നടന്ന കേരളോത്സവവേദിയിൽ ശുചീകരണപ്രവൃത്തിയിലും പാചകപ്പുരയിലും അഴീക്കോട് പഞ്ചായത്ത് ഹരിതകർമ്മ സേനാംഗങ്ങൾ ശ്രദ്ധേയമായ പ്രവർത്തനം നടത്തി. Read on deshabhimani.com