"മഴവില്ല'ഴകിൽ മിന്നും അഴീക്കോട്ടെ സ്‌കൂളുകൾ
കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം കുട്ടികളുടെ കായിക–- മാനസിക ഉന്നമനവും ലക്ഷ്യമിട്ട് ‘മഴവില്ല്’. കെ വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളുകളുടെ സമഗ്ര വികസനത്തിനായി ഏഴ് ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് മഴവില്ല് പദ്ധതിയൊരുക്കിയത്. അടിസ്ഥാന സൗകര്യവികസനം, ആരോഗ്യ–- കായിക വികാസം, അക്കാദമിക വികാസം, ശാസ്ത്ര സാമൂഹ്യാവബോധം, ജനാധിപത്യ സന്തോഷ വിദ്യാലയം, സുസ്ഥിര വികസന ചിന്ത, കലാ സാംസ്കാരിക മുന്നേറ്റം എന്നിവയാണ് ആ ലക്ഷ്യങ്ങൾ. മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളുടെയും പരിമിതികളും അസൗകര്യങ്ങളും കണ്ടെത്താനായി കണ്ണൂർ ഡയറ്റിന്റെ സഹായത്തോടെ സമഗ്രമായ പഠനം നടത്തി. ഇത് പരിഹരിക്കാനായി ശിൽപ്പശാല നടത്തി. അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി. സീ മാറ്റിന്റെ സഹായത്തോടെ മണ്ഡലത്തിലെ പ്രൈമറി പ്രധാനാധ്യാപകർക്ക് ത്രിദിന പരിശീലനം നൽകിയാണ് മഴവില്ല് പദ്ധതിക്ക് തുടക്കം കുറിച്ചത്. എംഎൽഎയുടെ നേതൃത്വത്തിൽ തദ്ദേശ ഭരണ സ്ഥാപന ഭാരവാഹികളെ പങ്കെടുപ്പിച്ച് സ്‌കൂൾ സന്ദർശനം നടത്തി. വിദ്യാലയങ്ങളെ മനോഹരവും ശുചിത്വവുമുള്ളതാക്കുന്നതിനായി ‘എന്റെ വിദ്യാലയം എത്ര മനോഹരം’, ‘ശുചിത്വ വിദ്യാലയം’ എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ഹരിതകേരളം മിഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. ദയ അക്കാദമിയുടെ സഹകരണത്തോടെ വിദ്യാലയങ്ങൾക്ക് സ്‌പോർട്‌സ് കിറ്റ് വിതരണംചെയ്‌തു. തുടർന്ന് കുട്ടികളുടെ കായികശേഷി വർധിപ്പിക്കാനായി സ്കൂൾതലത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഫുട്‌ബോൾ ടീം ഉണ്ടാക്കി പരിശീലനംനൽകി. പഞ്ചായത്ത്തലത്തിൽ ഫുട്‌ബോൾ മത്സരം നടത്തുകയും തുടർന്ന് മണ്ഡലതലത്തിൽ ‘എംഎൽഎ കപ്പ് ’മത്സരവും നടന്നു. രണ്ടാംഘട്ട പ്രവർത്തനത്തിൽ ലാബ് ലൈബ്രറി നവീകരണത്തിനാണ് ഊന്നൽ നൽകിയത്. ‘സമൃദ്ധം രുചികരം ’ പദ്ധതി അടുക്കളയുടെ ആധുനികവൽക്കരണമാണ് ലക്ഷ്യമിടുന്നത്. ആധുനിക ഉപകരണങ്ങൾ, പാത്രങ്ങൾ, പാത്രം കഴുകുന്ന ഇടം സുന്ദരമാക്കൽ, അടുക്കള ടൈൽ പാകൽ എന്നിവ ഒരുക്കി അടുക്കള മെച്ചപ്പെടുത്തും. അക്കാദമിക മികവിനായുള്ള പദ്ധതിയാണ് ‘നന്മ മലയാളം'. ഭാഷാശേഷി ഉറപ്പിക്കുന്ന പ്രവർത്തനമാണ്. എസ്‌എസ്‌എൽസി, പ്ലസ്‌ടു വിദ്യാർഥികൾക്കായി മുഴുവൻ സ്‌കൂളുകളിലും മോട്ടിവേഷൻ ക്ലാസും കരിയർ ഗൈഡൻസും ജനുവരിയിൽ നടത്തും. പൊതുവിദ്യാലയങ്ങളുടെയും മുന്നേറ്റം ലക്ഷ്യം അഴീക്കോട് മണ്ഡലത്തിലെ മുഴുവൻ പൊതുവിദ്യാലയങ്ങളുടെയും മുന്നേറ്റം മഴവില്ല് പദ്ധതിയുടെ ഭാഗമായി ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നത്. പാഠ്യ–-- പാഠ്യേതര വിഷയങ്ങൾക്കപ്പുറം വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ച് വിദ്യാലയങ്ങളെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും മുന്നോട്ടുകൊണ്ടുവരാൻ ആവശ്യമായ ഇടപെടൽ തുടരുക എന്നതാണ് ലക്ഷ്യംവയ്‌ക്കുന്നത്. Read on deshabhimani.com