പൊലീസ്‌ നിർദേശിച്ച വഴിയിലോടിയില്ല; ബസ്സുകൾക്കെതിരെ നടപടി



പാപ്പിനിശേരി പൊലീസ്‌ നിർദേശിച്ച പാപ്പിനിശേരി കോട്ടൺസ് റോഡ് വഴി  സർവീസ്‌ നടത്താത്ത ബസ്സുകൾ പിടിച്ചെടുത്തു. ഇതിൽ പ്രതിഷേധിച്ച്‌  പഴയങ്ങാടി–- കണ്ണൂർ റൂട്ടിൽ  ബസ്സുകൾ മിന്നൽ പണിമുടക്ക്‌ നടത്തി.  നിരവധി യാത്രക്കാർ വലഞ്ഞു. വെള്ളിയാഴ്‌ച പകൽ 1.45ന് കണ്ണൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സാണ് വളപട്ടണം പൊലീസ് പിടികൂടിയത്. ചർച്ചയെ തുടർന്ന് വൈകിട്ടോടെ വിട്ടുനൽകി.  തുടർന്നാണ് മിന്നൽ പണിമുടക്ക് അവസാനിപ്പിച്ചത്. പിലാത്തറ–- - പാപ്പിനിശേരി കെഎസ്ടിപി റോഡിലൂടെ ദേശീയ പാതയിലെത്തിയ ബസ്സുകൾക്കെതിരെയാണ് നടപടിയെടുത്തത്. ബസ് പിടിച്ചെടുത്ത് യാത്രക്കാരെ ഇറക്കിവിട്ട് വളപട്ടണം പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് മറ്റ് ബസ്സുകൾ സർവീസ് നിർത്തിവച്ചത്. ഗതാഗതക്കുരുക്കുമൂലം സർവീസ് നടത്താൻ ബസ്സുകൾ ഏറെ ബുദ്ധിമുട്ടുന്നതിനിടെയാണ് കോട്ടൺസ് റോഡുവഴി  കിലോമീറ്ററോളം ചുറ്റിപ്പോകാൻ  പൊലീസ്‌ നിർബന്ധിക്കുന്നത്.  കുരുക്കിൽ വലയുന്ന ബസ്സുകൾക്ക് വലിയ പ്രയാസമാണ് അനുഭവിക്കേണ്ടി വരുന്നത്.     നേരിട്ട് ദേശീയപാതയിലേക്ക് സർവീസ് നടത്താനാണ് ബസ്സുകൾക്ക് പെർമിറ്റുള്ളത്. ഇതിനനുസരിച്ചാണ് സമയക്രമവും നൽകിയത്. മിനിറ്റുകളുടെ വ്യത്യാസമാണ് പല ബസ്സുകളും തമ്മിലുള്ളത്‌. ഇതനുസരിച്ച് സർവീസ് നടത്തിയിട്ടും കൃത്യസമയത്ത് ഓടിയെത്താനാകുന്നില്ലെന്നാണ് ജീവനക്കാർ പറയുന്നത്.   Read on deshabhimani.com

Related News