സ്‌നേഹസംഗീതം നിറയും ഈ വീട്ടിൽ

തലശേരി രാഘവന്റെ കുടുംബത്തിന്‌ മദിരാശി കേരള സമാജം മേഴ്‌സി കോപ്‌സിന്റെ സഹകരണത്തോടെ നിർമിച്ച വീടിന്റെ കൈമാറ്റച്ചടങ്ങ്‌ ഗോകുലം ഗോപാലൻ വിളക്ക്‌ കൊളുത്തി ഉദ്‌ഘാടനം ചെയ്യുന്നു


തലശേരി മദിരാശി കേരളസമാജം മുൻ ജനറൽ സെക്രട്ടറി തലശേരി രാഘവന്റെ കുടുംബത്തിന്റെ വീടെന്ന സ്വപ്‌നം ഒടുവിൽ സഫലമായി. മദിരാശി കേരള സമാജം മേഴ്‌സികോപ്പ്‌സിന്റെ സഹകരണത്തോടെ നിർമിച്ച വീട്‌ കുടുംബത്തിന്‌ കൈമാറി. തലശേരി രാഘവന്റെ സ്‌മരണ നിറഞ്ഞ സുദിനത്തിൽ മദിരാശി കേരള സമാജം ചെയർമാൻ ഗോകുലം ഗോപാലൻ വിളക്ക്‌ കൊളുത്തി വീട്‌ കൈമാറ്റം ഉദ്‌ഘാടനംചെയ്‌തു. തലശേരി രാഘവന്റെ ഭാര്യ മല്ലികയുടെ നിടുമ്പ്രത്തെ സ്ഥലത്താണ്‌ വീട്‌ നിർമിച്ചത്‌.  വീട്ടുമുറ്റത്ത്‌ ചേർന്ന ചടങ്ങിൽ ചൊക്ലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ രമ്യ അധ്യക്ഷയായി. മേഴ്‌സികോപ്‌സ്‌ സ്ഥാപകൻ കൊച്ചി ഡപ്യൂട്ടി പൊലീസ്‌ കമീഷണർ കെ എസ്‌ സുദർശൻ, മദിരാശി കേരള സമാജം പ്രസിഡന്റ്‌ എം ശിവദാസൻപിള്ള, സെക്രട്ടറി ടി അനന്തൻ, ജില്ലാ പഞ്ചായത്തംഗം ഇ വിജയൻ, സിപിഐ എം ചെന്നെ ജില്ലാ സെക്രട്ടറി ജി സെൽവം, കെ അച്യുതൻ, പി  കെ സജീന്ദ്രൻ, എസ്‌ഐ ശ്രീജേഷ്‌ എന്നിവർ സംസാരിച്ചു. വീട്‌ നിർമാണ കമ്മിറ്റി ചെയർമാൻ കെ വി വിശ്വമോഹനന്റെ സന്ദേശം ഡോ. അജയകുമാർ വായിച്ചു. റിട്ട. ഡിവൈഎസ്‌പി ടി കെ സുരേഷ്‌ സ്വാഗതം പറഞ്ഞു.  തലശേരി നഗരസഭ മുൻ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, പായറ്റ അരവിന്ദൻ എന്നിവരും മദിരാശി മലയാളി സമാജത്തിന്റെയും മേഴ്‌സികോപ്‌സിന്റെയും അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. മല്ലിക രാഘവൻ വിശിഷ്‌ടാഥികളെ പൊന്നാടയണിയിച്ചു. തലശേരി രാഘവൻ രചിച്ച പ്രാർഥനാഗാനം ജാൻവി ആലപിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ വീട്ടിലെത്തി കുടുംബത്തിന്‌ ആശംസ നേർന്നു. ദേശാഭിമാനിയുടെ മദിരാശി ലേഖകനായിരുന്ന തലശേരി രാഘവൻ കവിയും തിരക്കഥാകൃത്തുമായിരുന്നു. കോടിയേരി ഈങ്ങയിൽപീടിക സ്വദേശിയാണ്‌.   Read on deshabhimani.com

Related News