നടുങ്ങിത്തരിച്ച് പള്ളത്തടുക്ക
കാസർകോട് ബദിയഡുക്ക പള്ളത്തടുക്കയിൽ സ്‌കൂൾ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തിൽ നടുങ്ങിത്തരിച്ച് നാട്. കൂട്ടിയിടിയുടെ ആഘാതത്തിൽ തകർന്ന മുഖവുമായാണ് അഞ്ചുപേരെയും നാല് ആംബുലൻസുകളിലായി കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ജനങ്ങളും തിങ്ങിക്കൂടി. മരിച്ചവരിൽ മൂന്നുപേർ സഹോദരിമാരും മൊഗ്രാൽ കടവത്ത് സ്വദേശികളുമായതിനാൽ നാട്ടുകാരാകെ ആശുപത്രിയിലുണ്ടായിരുന്നു. ആകെ ദുഃഖാർത്തമായ അന്തരീക്ഷം. നെക്രാജെയിൽ മരിച്ച ബന്ധുവിന്റെ വീട് സന്ദർശിച്ച് മടങ്ങുകയായിരുന്നു ഓട്ടോയിലുണ്ടായവർ. വൈകിട്ടോടെ നെക്രാജെയിൽനിന്ന് വരുന്നവഴി പെർളയിലെ ബന്ധുവീടും സന്ദർശിക്കാനുള്ള പോക്കായിരുന്നു മരണത്തിൽ കലാശിച്ചത്. മരിച്ചവരിൽ മൊഗ്രാൽപുത്തൂർ ദിഡുപ്പയിലെ ഉമ്മു ഹലീമ, ബള്ളൂരിലെ നഫീസ, മൊഗറിലെ ബീഫാത്തിമ എന്നിവർ സഹോദരിമാരാണ്. ഇവരുടെ പിതൃസഹോദരന്റെ ഭാര്യയാണ് മരിച്ച ദിഡുപ്പയിലെ ബീഫാത്തിമ. ഫലത്തിൽ ഒരേവീട്ടിലാണ് ദുരന്തം പെയ്‌തിറങ്ങിയത്. സ്കൂൾ ബസ്സിന് അമിതവേഗം വാഹനാപകടത്തിന് മുഖ്യ കാരണമായത് സ്‌കൂൾ ബസ്സിന്റെ അമിതവേഗമെന്ന് സംഭവം കണ്ട നാട്ടുകാർ. വൈകിട്ട് 5.10ന് പെർള ഭാഗത്തുനിന്ന് ബദിയഡുക്ക ഭാഗത്തേക്ക് കുട്ടികളെ ഇറക്കി മടങ്ങിവരുകയായിരുന്നു മാന്യ ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ ബസ്. മെക്കാഡം ടാറിങ്ങായ റോഡാണിത്. അൽപം ഇറക്കവും വളവുമുള്ള സ്ഥലത്ത് ബസ് പാഞ്ഞുവന്ന് റിക്ഷയെ ഇടിച്ചുതെറിപ്പിച്ചു. ബസ് പൂർണമായും തെറ്റായ ദിശയിലാണെന്ന് സ്ഥലം സന്ദർശിച്ച മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്‌ത്രീകൾ നാലുപേരും തൽക്ഷണം മരിച്ചു. ഡ്രൈവർ അബ്ദുൾറൗഫിനെ വലിച്ച് പുറത്തെടുക്കുമ്പോൾ ജീവനുണ്ടായിരുന്നു. കാസർകോട് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴേക്കും മരിച്ചു. Read on deshabhimani.com