സുധാകരന്റെ പ്രകോപന പ്രസ്‌താവനകളിൽ
വീഴില്ല: എം വി ജയരാജൻ



കണ്ണൂർ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ പ്രകോപനപരമായ പ്രസ്‌താവനകളിൽ വീഴുന്നവരല്ല സിപിഐ എം പ്രവർത്തകരെന്ന്‌ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കാഞ്ഞിരക്കുരുവിൽനിന്ന്‌ ഒരിക്കലും  മധുരം പ്രതീക്ഷിക്കരുത്‌. അതുപോലെ സുധാകരനിൽനിന്ന്‌ നന്മയും. നേതൃത്വം പിടിച്ചെടുക്കാൻ അണികളെ സജ്ജമാക്കാനാണ്‌  സുധാകരൻ അക്രമം പ്രോത്സാഹിപ്പിക്കുന്നത്‌. എന്നാൽ, ഭൂരിഭാഗം കോൺഗ്രസ്‌ അണികൾ അക്രമത്തിനൊപ്പം നിൽക്കില്ലെന്നും  ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  വയൽക്കിളികളും വികസനത്തിനൊപ്പം  കീഴാറ്റൂരിൽ ദേശീയപാതാ ബൈപാസിനെതിരെ സമരം നടത്തിയവർക്ക്‌ വികസനവിരുദ്ധ നിലപാട്‌ തെറ്റാണെന്ന്‌ ബോധ്യമായതായി ജയരാജൻ പ്രതികരിച്ചു. ബിജെപിയും കെ സുധാകരനും തങ്ങളെ വഞ്ചിച്ചുവെന്ന്‌ അവർ തുറന്നുപറഞ്ഞു. ദേശീയപാത അലൈൻമെന്റ്‌ മാറ്റുമെന്ന്‌ പറഞ്ഞ്‌ ഡൽഹിയിൽ കൊണ്ടുപോയത്‌ വെറുതെയാണെന്ന്‌ അവർ തിരിച്ചറിഞ്ഞു.  വഞ്ചിതരായവർ ഇപ്പോൾ സിപിഐ എമ്മിനൊപ്പമാണ്‌. ഇതിൽ ‘വയൽക്കിളി’കളുടെ നേതാവായിരുന്ന സുരേഷ്‌ കീഴാറ്റൂരുമുണ്ട്‌.  ധീരജിന്‌ ഉചിതമായ സ്‌മാരകം ഇടുക്കി ഗവ. എൻജിനിയറിങ്‌ കോളേജിൽ യൂത്ത്‌ കോൺഗസുകാർ കൊലപ്പെടുത്തിയ രക്തസാക്ഷി ധീരജ്‌ രാജേന്ദ്രൻ അന്ത്യവിശ്രമംകൊള്ളുന്ന സ്ഥലത്ത്‌ ഉചിതമായ സ്‌മാരകം നിർമിക്കും. ഇതിനായി തളിപ്പറമ്പ്‌ പട്ടപ്പാറയിൽ പാർടി വാങ്ങിയ എട്ട്‌ സെന്റ്‌ സ്ഥലത്ത്‌ സ്‌മാരകവും പഠന ഗവേഷണകേന്ദ്രവും സ്ഥാപിക്കുമെന്ന്‌ ജയരാജൻ അറിയിച്ചു. Read on deshabhimani.com

Related News