നാട്‌ വിറപ്പിച്ച്‌ 
ഒറ്റയാന്റെ പരാക്രമം

അത്തിത്തട്ടിൽ വീട്ടുപറമ്പിലൂടെ കടന്നുപോവുന്ന കാട്ടാന


ഇരിട്ടി ഒരു പകൽ മുഴുവൻ അത്തിത്തട്ട്‌ പ്രദേശത്തെ വിറപ്പിച്ച്‌ കാട്ടാനയുടെ പരാക്രമം. ആറളം വനത്തിൽനിന്ന്‌ 20 കിലോമീറ്റർ അകലെ ഇരിട്ടി ടൗണിനടുത്ത ജനവാസകേന്ദ്രമായ അത്തിത്തട്ടിലാണ്‌ ബുധൻ രാവിലെ ആറോടെ കാട്ടാനയെത്തിയത്‌.  വനംവകുപ്പിന്റെ ജീപ്പ് ആന തകർത്തു. ജീപ്പിലുണ്ടായിരുന്ന  കൊട്ടിയൂർ റെയിഞ്ചർ സുധീർ നരോത്തും ഡ്രൈവറും  അത്ഭുതകരമായി രക്ഷപ്പെട്ടു.  ഇരിട്ടിയിൽനിന്ന്‌ മൂന്ന് കിലോമീറ്റർ അകലെ അത്തിത്തട്ട്‌, ഉവ്വാപ്പിള്ളി മേഖല കാട്ടാന സാന്നിധ്യത്തിൽ ഭയന്നു. പത്തുമണിക്കൂറിനുശേഷം സൂചിക്കൊമ്പനെ കാട്ടിലേക്ക് മടക്കി.  തുരത്തുന്നതിനിടെയാണ്‌ കാട്ടാന ജീപ്പ്‌ ആക്രമിച്ചത്‌.  അത്തിത്തട്ട് പള്ളിക്കടുത്താണ്‌ ആന ആദ്യമെത്തിയത്‌.  പുലർച്ചെ വീട്ടുമുറ്റത്ത്‌  ആനയെ കണ്ട്‌ ചെങ്ങനാംകുഴി ജിജി ഭയന്നു. സമീപ പറമ്പിൽ ടാപ്പിങ്ങിനെത്തിയ എൻ പി ചന്ദ്രനെ നാട്ടുകാർ കൂവി വിളിച്ചാണ്‌ ആനയിൽനിന്ന്‌ രക്ഷിച്ചത്‌.  ആറളം ഡിഎഫ്ഒ വി സന്തോഷ്, കൊട്ടിയൂർ റെയിഞ്ചർ സുധീർ നരോത്ത്, സെക്ഷൻ ഫോറസ്റ്റർ കെ ജിജിൽ എന്നിവരുടെ നേതൃത്വത്തിൽ അമ്പത്‌ വനപാലക സംഘവും സ്ഥലത്തെത്തി.  ഇരിട്ടി, മുഴക്കുന്ന്  പൊലീസുമെത്തി.   ഇരിട്ടി- –-പേരാവൂർ റൂട്ടിൽ പയഞ്ചേരി, ഊവ്വാപളളി എന്നിവിടങ്ങളിൽ ഗതാഗതം തടഞ്ഞാണ്‌ ആനയെ തുരത്തിയത്‌.  വൈകിട്ട് നാലോടെ കനത്ത സുരക്ഷയൊരുക്കി ആനയെ തുരത്തൽ ശക്‌തമാക്കി.  എറെ വൈകിയാണ്‌ ആനയെ ആറളം വനത്തിലേക്ക്‌ മടക്കിയത്‌. Read on deshabhimani.com

Related News