മഞ്ഞില്‍ കുളിച്ച് ക്രിസ്‍മസ് ആവേശം
മൂന്നാർ ക്രിസ്‍മസ് ആഘോഷം മൂന്നാറിലെ തണുപ്പിലലിയിച്ച് സഞ്ചാരികള്‍. മൈതാനങ്ങളില്‍ വെള്ള പരവതാനി വിരിച്ച പോലുള്ള മഞ്ഞ് കൈക്കുമ്പിളില്‍ കോരിയെടുക്കാനും പരസ്‍പരം എറിഞ്ഞ് ഉല്ലസിക്കാനും മത്സരമാണ്. മൂന്നാറിലും പരസരത്തുള്ള മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. രാജമല, മാട്ടുപ്പെട്ടി എന്നിവടങ്ങളിലേക്ക് ആയിരക്കണക്കിന് സന്ദര്‍ശകരാണ് ദിവസേനയെത്തുന്നത്. ഡിസംബർ, ജനുവരി മാസങ്ങളില്‍ മഞ്ഞുകാലമായതിനാൽ മൂന്നാറിലെ തണുപ്പ് ആസ്വദിക്കാൻ മാസങ്ങൾക്ക് മുമ്പേ മുറികൾ ബുക്ക് ചെയ്തവരുണ്ട്. താപനില താഴ്‍ന്ന് പൂജ്യം ഡിഗ്രിയിലെത്തിയതോടെ മുറികളിൽ താമസിക്കുന്നവര്‍ നേരം പുലരുന്നതിന് മുമ്പേ മഞ്ഞുവീണ പ്രദേശങ്ങളിൽ എത്തുന്ന കാഴ്‍ചയാണ്. പകൽ ചൂട് കൂടുന്നതനുസരിച്ച് രാത്രിയിൽ തണുപ്പിന്റെ കാഠിന്യം കൂടും. ജനുവരി പകുതിയോടെ താപനില മൈനസിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജമല, മാട്ടുപ്പെട്ടി സന്ദർശനം കഴിഞ്ഞ് മടങ്ങുന്നവരുടെ വാഹനങ്ങൾ മണിക്കൂറുകളോളം ക്യൂവിൽ കിടന്നശേഷമാണ് കടന്നുപോകുന്നത്. പൊലീസ് ഏറെ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിക്കുന്നത്. മുറികൾ ലഭിക്കാത്തതിനെ തുടർന്ന് സന്ദർശനം ഒറ്റ ദിവസമാക്കി ചുരുക്കി മടങ്ങുന്ന സഞ്ചാരികളുമേറെ. Read on deshabhimani.com