വര്‍ണാഭമായി ആനന്ദ നടത്തം

മാനസിക വെല്ലുവിളി നേരിടുന്നവരുടെ അന്താരാഷ്ട്ര ദിനത്തിന്റെ സംസ്ഥാനതല ആഘോഷത്തിന്റെ ഭാഗമായി കട്ടപ്പനയിൽ നടന്ന ബഡ്ഡി വാക്കിൽ അധ്യാപിക ഡ്രമ്മിൽ കൊട്ടുന്നതിനൊത്തു താളം പിടിക്കുന്ന തൊടുപുഴ പ്രതീക്ഷാ ഭവനിലെ കുട്ടികൾ ചിത്രം/ വി കെ അഭിജിത്


കട്ടപ്പന നഗരത്തിലെ തിരക്കേറിയ പാതയിൽ അവർ ഭയാശങ്കകളില്ലാതെ നടന്നു, പൊട്ടിച്ചിരിച്ച്, കൂട്ടുകാരോട് കുശലം പറഞ്ഞ്, കൈയിലുള്ള വിവിധ വർണങ്ങളിലുള്ള പോംപോം പാട്ടിനനുസരിച്ച് വീശി കുട്ടികളുടെ ആനന്ദ നടത്തം. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ അന്താരാഷ്ട്ര ദിനത്തിന്റെ സംസ്ഥാനതല ആഘോഷത്തോടനുബന്ധിച്ചാണ് കട്ടപ്പനയിൽ ആനന്ദ നടത്തം(ബഡ്ഡി വാക്ക്) സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ സ്‌പെഷൽ സ്‌കൂളുകളിൽ നിന്നുൾപ്പെടെ നൂറുകണക്കിന് കുട്ടികൾ നടത്തത്തിൽ പങ്കാളികളായി.  ഗാന്ധിസ്‌ക്വയറിൽ നിന്നാരംഭിച്ച നടത്തം കലക്ടർ ഷീബ ജോർജ് ഫ്‌ളാഗ് ഓഫ് ചെയ്തു. വെള്ളയാംകുടി അസീസി, പരപ്പ് ചാവറ ഗേൾസ്, കുമളി പ്രിയദർശനി, നെടുങ്കണ്ടം ആശാഭവൻ, അടിമാലി കാർമൽ ജ്യോതി, പന്നിമറ്റം അനുഗ്രഹ, ഇടുക്കി അമൽജ്യോതി, അണക്കര പ്രതീക്ഷ നികേതൻ, വള്ളക്കടവ് സ്‌നേഹ സദൻ, മൂന്നാർ ഡെയർ, ഉടുമ്പൻചോല ബഡ്‌സ്, തൊടുപുഴ പ്രതീക്ഷ ഭവൻ തുടങ്ങിയ സ്‌പെഷൽ സ്‌കൂളുകളിലെ വിദ്യാർഥികൾ അണിനിരന്നു. തുടർന്ന് ടൗൺ ഹാളിൽ നടന്ന സമ്മേളനം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം അധ്യക്ഷനായി. കലക്ടർ ഷീബ ജോർജ് മുഖ്യപ്രഭാഷണം നടത്തി. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ, നഗരസഭ കൗൺസിലർമാരായ മനോജ് മുരളി, സോണിയ ജയ്ബി, സാമൂഹ്യനീതി ജില്ലാ ഓഫീസർ വി ജെ ബിനോയി, വൊസാർഡ് ഡയറക്ടർ ഫാ. ജോസ് ആന്റണി, വിവിധ ക്ലബ് ഭാരവാഹികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. സാമൂഹിക നീതി വകുപ്പിന്റെയും നാഷണൽ ട്രസ്റ്റ് നോഡൽ ഏജൻസിയുടെയും നേതൃത്വത്തിൽ നടത്തിയ സംസ്ഥാന തല ആഘോഷത്തിന് ജില്ല ആതിഥേയത്വം വഹിക്കുന്നത് ആദ്യമായാണ്. Read on deshabhimani.com

Related News