കണയന്നൂർ താലൂക്ക് അദാലത്ത് ; 273 പരാതികൾ തീർപ്പാക്കി
കൊച്ചി ജനങ്ങൾക്ക് കൈത്താങ്ങായി കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്ത്. എറണാകുളം രാമവർമ ക്ലബ് ഹാളിൽ നടന്ന കണയന്നൂർ താലൂക്ക് അദാലത്തിൽ ലഭിച്ച 390 പരാതികളിൽ 273 എണ്ണം തീർപ്പാക്കി. വ്യവസായമന്ത്രി പി രാജീവ് അദാലത്ത് ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥസംവിധാനം കൃത്യമാണെങ്കിൽ മന്ത്രിമാർ നയപരമായ കാര്യങ്ങളിൽമാത്രം ഇടപെട്ടാൽ മതിയെന്ന് പി രാജീവ് പറഞ്ഞു. അങ്ങനെയല്ലാതെ വരുമ്പോഴാണ് ഉദ്യോഗസ്ഥതലത്തിൽ ചെയ്യേണ്ട കാര്യങ്ങൾക്കായി മന്ത്രിമാർ അദാലത്തുകൾ നടത്തേണ്ടിവരുന്നതെന്നും മന്ത്രി വ്യക്തമാക്കി. കൃഷിമന്ത്രി പി പ്രസാദ് അധ്യക്ഷനായി. ടി ജെ വിനോദ് എംഎൽഎ, മേയർ എം അനിൽകുമാർ, തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ്, കോർപറേഷൻ കൗൺസിലർ പത്മജ എസ് മേനോൻ, കലക്ടർ എൻ എസ് കെ ഉമേഷ്, എഡിഎം വിനോദ് രാജ്, സബ് കലക്ടർ കെ മീര, അസി. കലക്ടർ അഞ്ചീത് സിങ് തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com