ശ്രീമൂലനഗരത്തെ ചെങ്കടലാക്കി ആലുവ സമ്മേളനത്തിന് സമാപനം
ആലുവ നവകേരള സൃഷ്ടിക്ക് കരുത്തും ഊർജവും പകർന്ന് സിപിഐ എം ആലുവ ഏരിയ സമ്മേളനത്തിന് ഉജ്വല സമാപനം. ശ്രീമൂലനഗരത്തുനിന്ന് പഞ്ചവാദ്യവും പഞ്ചാരിയും ഉൾപ്പെടെയുള്ള മേളങ്ങളുടെയും ചുവപ്പുസേനാ റാലിയുടെയും വൻ ബഹുജന പ്രകടനത്തോടെയുമാണ് മൂന്നു ദിവസങ്ങളിലായി നടന്ന സമ്മേളനത്തിന് സമാപനമായത്. ചിലമ്പിള്ളികയറ്റത്തുനിന്ന് റാലി ആരംഭിച്ചു. ആയിരങ്ങൾ അലയടങ്ങാത്ത ആവേശത്തിൽ മുദ്രാവാക്യംമുഴക്കി റാലിയിൽ അണിനിരന്നു. വിവിധങ്ങളായ കലാരൂപങ്ങൾ പ്രകടനത്തിന് മാറ്റുകൂട്ടി. എം സി ജോസഫൈൻ നഗറിൽ (മേത്തർ പ്ലാസ ഗ്രൗണ്ടിൽ) റാലി സമാപിച്ചു. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എ പി ഉദയകുമാർ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി കെ മോഹനൻ, വി സലിം, എൻ സി ഉഷാകുമാരി എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ അനുബന്ധമായി നടത്തിയ മത്സര വിജയികൾക്ക് എം സ്വരാജ് സമ്മാനം നൽകി. ശ്രീമൂലനഗരം ലോക്കൽ സെക്രട്ടറി എം പി അബു സ്വാഗതവും ടി വി രാജൻ നന്ദിയും പറഞ്ഞു. Read on deshabhimani.com