ആഘോഷിച്ചോളൂ, ലഹരിയിൽ വാഹനമോടിക്കണ്ട; ബാർ ഹോട്ടലുകാരും കുടുങ്ങും



കൊച്ചി ബാർ ഹോട്ടലിൽ പുതുവർഷാഘോഷ പരിപാടികളുടെ ഭാഗമായി പ്രൊഫഷണൽ ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കണമെന്ന്‌ ആർടിഒയുടെ നിർദേശം. മദ്യപിച്ച്‌ വാഹനമോടിക്കുന്നതുമൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ്‌ എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒ കെ മനോജ്‌ ബാർ ഹോട്ടലുകൾക്ക്‌ നിർദേശങ്ങൾ നൽകിയത്‌. മദ്യപിച്ചവർ ഡ്രൈവർമാരുടെ സേവനം ഉപയോഗിക്കാൻ വിസമ്മതിച്ച്‌  വാഹനമോടിക്കാൻ ശ്രമിച്ചാൽ അക്കാര്യം ഹോട്ടൽ മാനേജ്മെന്റ്‌ ഉടൻ അടുത്തുള്ള പൊലിസ്‌ സ്സേഷനിലോ ആർടിഒ എൻഫോഴ്‌സ്‌മെന്റ്‌ അതോറിറ്റിയെയോ അറിയിക്കണം.   ഡ്രൈവർമാരുടെ സേവനം വേണ്ടവർ മുൻകൂട്ടി ഹോട്ടലിൽ അറിയിക്കണം. ഡ്രൈവർമാർ ലഭ്യമാണെന്നകാര്യം മാനേജ്‌മെന്റും മുൻകൂട്ടി അറിയിക്കണം. മദ്യപിച്ച്‌ വാഹനം ഓടിക്കുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച്‌ ഉപഭോക്താക്കളോട്‌ വ്യക്തമായി പറയണം. അത്‌ ഹോട്ടലുകളിൽ പ്രദർശിപ്പിക്കണം. ഡ്രൈവർ സേവനം ലഭിച്ച കസ്‌റ്റമർ അക്നോളജ്മെന്റുകൾക്കൊപ്പം, സേവനങ്ങൾ നൽകിയിട്ടുള്ള കാര്യങ്ങളും രജിസ്‌റ്ററിൽ രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക്‌ ആർടി ഓഫീസർമാരായ എൻ വിനോദ്‌ കുമാർ (91889 61260), എ അരുൺ പോൾ (91889 61141) എന്നിവരുമായി ബന്ധപ്പെടാം. നിർദേശങ്ങൾ പാലിക്കാതിരുന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും ആർടിഒ അറിയിച്ചു. Read on deshabhimani.com

Related News