കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ 
ചുവർചിത്രമൊരുക്കി രാജേന്ദ്രൻ കര്‍ത്ത



പെരുമ്പാവൂര്‍ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിലേക്ക് ചുവര്‍ചിത്രങ്ങള്‍ വരച്ച് വളയന്‍ചിറങ്ങര പുത്തന്‍കോട്ടയില്‍ പി പി രാജേന്ദ്രന്‍ കര്‍ത്ത. 12- ചുവര്‍ചിത്രങ്ങളാണ് രാജേന്ദ്രന്‍ കര്‍ത്ത പൂര്‍ത്തിയാക്കിയിട്ടുള്ളത്. പഞ്ചവര്‍ണക്കൂട്ടില്‍ കൊടുങ്ങല്ലൂരമ്മയുടെ ചുവര്‍ചിത്രാവിഷ്‌കാരത്തിനുപുറമെ പരമശിവന്റെ പ്രതിഷ്ഠയെ മുന്‍നിര്‍ത്തി "പ്രദോഷനൃത്തം' എന്ന ചുവര്‍ചിത്രവും ഗണപതിയുടെ ചിത്രവും രചിക്കുന്നുണ്ട്. ചിത്രങ്ങള്‍ വഴിപാടായി സമര്‍പ്പിച്ചിട്ടുള്ളത് ഡല്‍ഹിയില്‍ ഉദ്യോഗസ്ഥനായ വി വിനോദ് കുമാറാണ്. രണ്ടരമാസം സമയമെടുത്താണ് അക്രിലിക് കളറില്‍ ക്യാന്‍വാസില്‍ രചനകള്‍ പൂര്‍ത്തിയാക്കിയത്. രാജേന്ദ്രന്‍ കര്‍ത്തയ്ക്ക് കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന ചിത്രകലാ പുരസ്‌കാരം, ചുവര്‍ചിത്രകാരനുള്ള എം വി ദേവന്‍ കലാഗ്രാമത്തിന്റെയും സിദ്ധാര്‍ഥ ഫൗണ്ടേഷന്റെയും പേരിലുള്ള സംസ്ഥാന അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. വൈക്കം മഹാദേവക്ഷേത്രം, കോട്ടയം തിരുനക്കര ക്ഷേത്രം, തൃപ്പൂണിത്തുറ പൂര്‍ണത്രയീശക്ഷേത്രം തുടങ്ങിയയിടങ്ങളില്‍ ഇദ്ദേഹത്തി​ന്റെ ചുവര്‍ചിത്രങ്ങളുണ്ട്. കേരള ലളിതകലാ അക്കാദമി നടത്തിയ ഇന്റര്‍നാഷണല്‍ ചിത്രകലാ ക്യാമ്പുകളിലും പ്രദര്‍ശനങ്ങളിലും പങ്കെടുത്തിട്ടുണ്ട്.   Read on deshabhimani.com

Related News