റോളർ സ്‌കേറ്റിങ്ങിൽ മെഡൽനേട്ടവുമായി അബ്‌ന
പിറവം റോളർ സ്‌കേറ്റിങ്ങിൽ മെഡൽനേട്ടവുമായി മൂന്നാംവർഷ എൽഎൽബി വിദ്യാർഥിനി എ എ അബ്ന. 17 വയസ്സിനുമുകളിലുള്ളവരുടെ വിഭാഗത്തിൽ 2021 മുതൽ സംസ്ഥാന ചാമ്പ്യനായ അബ്നയ്‌ക്ക് ഇത്തവണ മൈസൂരുവിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിലും മെഡൽ സ്വന്തം. 2025 ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ട്രയൽസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നാംക്ലാസുമുതൽ ചേട്ടൻ ഇന്ദ്രജിത്തിനൊപ്പം റോളർ സ്‌കേറ്റിങ്ങിൽ പരിശീലനം തുടങ്ങി. ആ വർഷംമുതൽ വിവിധ വിഭാഗങ്ങളിൽ മത്സരിച്ച് മെഡൽ നേടി. ആദ്യകാലത്ത് പരിശീലകർ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ സ്വന്തമായാണ് പരിശീലനം. 2021 മുതൽ ദേശീയ ചാമ്പ്യൻഷിപ്പിൽ മെഡൽനേട്ടം. കഴിഞ്ഞവർഷം ഇറ്റലിയിൽ നടന്ന ലോക സ്‌കേറ്റ് ഗെയിംസിൽ പങ്കെടുത്തതിന് റോളർ സ്കേറ്റ് ഇന്ത്യയുടെ എക്സലൻസ് മെഡലും നേടി. ആമ്പല്ലൂർ കീച്ചേരി കുലയറ്റിക്കര അമ്പിളിനിവാസിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി സി അജയകുമാറിന്റെയും അധ്യാപിക എം എച്ച് ബിനുവിന്റെയും മകളാണ്. പൂത്തോട്ട ശ്രീനാരായണ ലോ കോളേജിലാണ് പഠിക്കുന്നത്. Read on deshabhimani.com