സിപിഐ എം ഉപരോധം ; കിഴക്കേക്കരയില്‍ 
കുടിവെള്ളമെത്തും



മൂവാറ്റുപുഴ വാട്ടർ അതോറിറ്റി മൂവാറ്റുപുഴ അസിസ്‌റ്റന്റ്‌ എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസ് സിപിഐ എം പ്രവർത്തകർ ഉപരോധിച്ചതിനെ തുടർന്ന് രണ്ടാർ, കിഴക്കേക്കര പ്രദേശത്ത് കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാൻ തീരുമാനമായി. വിതരണ പൈപ്പുകളിലെ തകരാറുമൂലം ആവോലി പഞ്ചായത്ത് ഒന്ന്, രണ്ട് വാർഡുകളും മൂവാറ്റുപുഴ നഗരസഭ 11, 12 വാർഡുകളും ഉൾപ്പെടുന്ന രണ്ടാർ, കിഴക്കേക്കര പ്രദേശങ്ങളിൽ ഒരാഴ്ച കുടിവെള്ളവിതരണം മുടങ്ങി. അഞ്ഞൂറിലേറെ കുടുംബങ്ങൾ കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടി. ജല അതോറിറ്റി ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിട്ടും പരിഹാരമായില്ല. റോഡ് നിർമാണത്തി​ന്റെ ഭാഗമായി പൈപ്പുകൾ തകർന്ന ഭാഗം കെഎസ്ടിപി അറ്റകുറ്റപ്പണികൾ നടത്തുമെന്നായിരുന്നു ജല അതോറിറ്റിയുടെ വാദം. ഇരു വകുപ്പ് അധികൃതരും അറ്റകുറ്റപ്പണികൾ നടത്താൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് പൈപ്പുകള്‍ അറ്റകുറ്റപ്പണി നടത്തി കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ട് സിപിഐ എം പ്രവർത്തകർ ജല അതോറിറ്റി ഓഫീസ് ഉപരോധിച്ചത്. തുടര്‍ന്ന്, അസിസ്‌റ്റന്റ്‌ എൻജിനിയർ, കെഎസ്ടിപി അസിസ്‌റ്റന്റ്‌ എക്സിക്യൂട്ടീവ് എൻജിനിയർ സ്ഥലത്തെത്തി. പൈപ്പ്‌ലൈൻ പൊട്ടിയ കിഴക്കേക്കര, മണിയംകുളം കവല, രണ്ടാർ പ്രദേശങ്ങളിൽ അറ്റകുറ്റപ്പണികൾ തുടങ്ങി. നാട്ടുകാര്‍, ജനപ്രതിനിധികള്‍, സിപിഐ എം പ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അറ്റകുറ്റപ്പണി നടത്തി. സിപിഐ എം ഏരിയ കമ്മിറ്റി അംഗം സജി ജോർജ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി മൂസ, ബ്രാഞ്ച് സെക്രട്ടറിമാരായ സി എസ് നിസാർ, ബിനുമോൻ മണിയംകുളം, ലോക്കൽ കമ്മിറ്റി അംഗം എൻ ജി ലാലു, ആവോലി പഞ്ചായത്ത് അംഗങ്ങളായ ശ്രീനി വേണു, അഷറഫ് കക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. Read on deshabhimani.com

Related News