മണ്ഡലം പ്രസിഡന്റ് വീതംവയ്‌പ്: സബ് കമ്മിറ്റി യോഗത്തിലും തർക്കം
കൊച്ചി ബ്ലോക്ക് പ്രസിഡന്റ് നിയമനത്തിൽ എ, ഐ ഗ്രൂപ്പുകളോട് വി ഡി സതീശൻ കാണിച്ച അവഗണന കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ നിശ്‌ചയിക്കുന്നതിലും തുടരുന്നു. ഇതിനെച്ചൊല്ലി സബ്‌കമ്മിറ്റി യോഗത്തിലും തർക്കം. കീറാമുട്ടിയായി തുടരുന്ന മണ്ഡലം പ്രസിഡന്റ്, ഡിസിസി ഭാരവാഹി വീതംവയ്‌പിന് പരിഹാരം കാണാൻ ചൊവ്വാഴ്‌ച ചേർന്ന ഡിസിസി സബ്‌കമ്മിറ്റി യോഗം തീരുമാനമാകാതെ പിരിഞ്ഞു. പലതവണ ജില്ലകളിൽനിന്ന് പട്ടിക കെപിസിസിക്ക് കൊടുത്തെങ്കിലും ഗ്രൂപ്പുസമവാക്യത്തിൽ തീരുമാനമാകാതെ വന്നതോടെയാണ് ജില്ലകളിൽ വീണ്ടും യോഗം ചേരുന്നത്. ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് വി ജെ പൗലോസ്, കെ പി ധനപാലൻ, ടി ജെ വിനോദ്, എൻ വേണുഗോപാൽ, ഡൊമിനിക് പ്രസന്റേഷൻ എന്നിവർ പങ്കെടുത്തു. യോഗങ്ങൾ പ്രഹസനമാക്കി അലസിപ്പിക്കുകയും തീരുമാനം തന്റെ ഇഷ്‌ടപ്രകാരം കെപിസിസിയിൽനിന്ന് അടിച്ചേൽപ്പിക്കുകയുമാണ് സതീശൻ ചെയ്യുന്നതെന്നാണ് കടുത്ത വിയോജിപ്പുള്ള മുതിർന്ന ഡിസിസി നേതാക്കൾ പറയുന്നത്. ഗ്രൂപ്പില്ലെന്നു പറയുകയും എ, ഐ ഗ്രൂപ്പുകളുടെ പ്രസിഡന്റ് സ്ഥാനങ്ങൾ സ്വന്തം ജില്ലയിൽ വിശ്വസ്‌തർക്കായി നീക്കിവയ്‌ക്കുകയും ചെയ്യുന്ന സതീശന്റെ നിലപാടാണ് എറണാകുളം ജില്ലയിലെ തർക്കം രൂക്ഷമാക്കുന്നത് എന്നാണ് അവരുടെ പരാതി. ബ്ലോക്ക് പ്രസിഡന്റുമാരെ നിശ്‌ചയിച്ചപ്പോൾ എ ഗ്രൂപ്പിന്റെ ഉമ തോമസിന്റെ അഭിപ്രായം അവഗണിച്ച് തൃക്കാക്കര ബ്ലോക്ക് സതീശൻ ഐ ഗ്രൂപ്പിന്റെ അക്കൗണ്ടിലാക്കി നിയമനം നടത്തി. പകരം വൈറ്റില ബ്ലോക്ക് എ ഗ്രൂപ്പിന് നൽകി അതിലും സ്വന്തം താൽപ്പര്യം നടപ്പാക്കി. പിറവത്ത് കെപിസിസി വൈസ് പ്രസിഡന്റ് വി ജെ പൗലോസ് ആവശ്യപ്പെട്ട പ്രസിഡന്റ് സ്ഥാനംപോലും നൽകാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മണ്ഡലം പ്രസിഡന്റുമാരെ നിശ്‌ചയിക്കുമ്പോഴും അതേ നിലപാട് തുടരുമെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ നടക്കുന്ന ചർച്ചകളെന്ന് മുതിർന്ന എ ഗ്രൂപ്പ് നേതാക്കൾ പറഞ്ഞു. പരമ്പരാഗത എ, ഐ ഗ്രൂപ്പ് പ്രവർത്തകർ നിരാശയിലാണെന്നും പ്രവർത്തിക്കണമെങ്കിൽ പ്രതിപക്ഷനേതാവും ഡിസിസി പ്രസിഡന്റും നയിക്കുന്ന പുതിയ ഗ്രൂപ്പിൽ ചേരേണ്ട അവസ്ഥയാണെന്നും അവർ പറയുന്നു. Read on deshabhimani.com