ഇരുവിഭാഗങ്ങൾ തമ്മിൽ സംഘംചേർന്ന് ആക്രമണം; ആറുപേർ അറസ്റ്റിൽ



തൃക്കാക്കര കാക്കനാട് തുതിയൂരിൽ റോഡിലിട്ട്‌ കണ്ടെയ്നർ വാഹനം തിരിച്ചതിനെച്ചൊല്ലി നടന്ന തർക്കത്തിനൊടുവിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ആറുപേർ അറസ്റ്റിൽ. 17 പേർക്കെതിരെ കേസെടുത്തു. 18ന്‌ രാത്രിയിൽ തുതിയൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിനുസമീപം തുതിയൂർ പുലരി ക്ലബ്ബിനടുത്തുള്ള സനീഷും കിരണും മിനി കണ്ടെയ്നർ റോഡിലിട്ട് തിരിക്കാൻ ശ്രമിച്ചു. അതുവഴി ബൈക്കിലെത്തിയ തുതിയൂർ ആനമുക്ക് ഭാഗത്തുള്ള സനൽ, പ്രണവ് എന്നിവർ ഇത്‌ ചോദ്യംചെയ്തു. ഞായർ രാത്രി 10.30ന് കിരണും സുഹൃത്ത്‌ രാകേഷും ബൈക്കിൽ പോകുമ്പോൾ ആനമുക്ക് ഭാഗത്തുവച്ച് സനൽ, കോമിൻ, പ്രണവ് എന്നിവരുടെ നേതൃത്വത്തിൽ എട്ടുപേർ ബൈക്ക് തടഞ്ഞുവച്ച് മർദിച്ചു. കമ്പിവടികൊണ്ട് കിരണിനെ അടിക്കുകയും മനുവിനെ ഹെൽമെറ്റുകൊണ്ട് ആക്രമിക്കുകയും ചെയ്തു. പുലരി ക്ലബ് ഭാഗത്തുള്ള രഞ്ചന്റെ നേതൃത്വത്തിൽ എട്ടോളംപേർ ആനമുക്ക് ഭാഗത്തെത്തി സനലിനെ ആക്രമിച്ചു. പിടിച്ചുമാറ്റാൻ ശ്രമിച്ചവരെ കത്തിയും കമ്പിവടിയുംകൊണ്ട് ആക്രമിച്ച്‌ പരിക്കേൽപ്പിച്ചു. തൃക്കാക്കര എസ്എച്ച്ഒ ആർ ഷാബുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ആനമുക്ക് ഭാഗത്തുള്ള നിരൺ, രാകേഷ് എന്നിവർക്കും പുലരി ക്ലബ് ഭാഗത്തുള്ള കിരൺ, രാകേഷ്, മനു എന്നിവർക്കും പരിക്കേറ്റു. മനു, കിരൺ, നിഖിൽ, അശ്വന്ത്, നിരൺ, സനൽ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർമാരായ ജസ്റ്റിൻ, മണി, ഗിരീഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. Read on deshabhimani.com

Related News