ഇനി ചിറകുമുളയ്ക്കും ഈ ചക്രക്കസേരയ്ക്ക്



കൊച്ചി ഉമ്മയോടൊപ്പം എസ്‌എച്ച്‌ കോളേജിൽ എത്തുമ്പോൾ നടൻ ജയസൂര്യയെ കാണാമല്ലോ എന്ന സന്തോഷമായിരുന്നു നൗഫലിന്റെ മനസ്സിൽ. എന്നാൽ, ജീവിതം പുതുവഴിയിലേക്ക്‌ ചലിക്കുകയാണെന്നറിഞ്ഞത്‌ ചക്രക്കസേരയിൽ ഇരുന്ന്‌ കോളേജിൽ എത്തിയപ്പോൾമാത്രം. സെറിബ്രൽപാൾസി ബാധിച്ച് അരയ്‌ക്കുതാഴെ തളർന്ന പള്ളുരുത്തി സ്വദേശി കെ എൻ നൗഫലിന്‌ ബിരുദത്തിന്‌ ഇഷ്ടമുള്ള ഏതുവിഷയത്തിലും പ്രവേശനം നൽകാമെന്ന്‌ അധികൃതർ പറഞ്ഞപ്പോൾ, അവന്റെ കണ്ണുകൾ നിറഞ്ഞു. തീരുമാനത്തെ ‘ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിവസം’ എന്നാണ്‌ നൗഫൽ വിശേഷിപ്പിച്ചത്‌. അടുത്ത അധ്യയനവർഷം കോളേജിൽ പ്രവേശനം നേടാം. എസ്‌എച്ച്‌ കോളേജിലെ ജേർണലിസം ആൻഡ്‌ കമ്യൂണിക്കേഷൻ വിഭാഗം മേധാവി സുജിത്‌ നാരായണൻ വിളിച്ചതനുസരിച്ചാണ് നൗഫൽ കോളേജിൽ എത്തിയത്. നടൻ ജയസൂര്യയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച്‌ എസ്‌എച്ച്‌ കോളേജിലെ സോഷ്യോളജി വിദ്യാർഥി ത്രേസ്യ നിമില വഴി സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചിരുന്നു. ഇത്‌ കണ്ടാണ്‌ നൗഫലിനെ സുജിത്‌ വിളിച്ചത്‌. തുടർപഠനത്തിനുള്ള ആഗ്രഹം അവൻ പ്രകടിപ്പിച്ചു. നൗഫലിന്‌ വീട്ടിലിരുന്ന്‌ ഡാറ്റാ എൻട്രിപോലുള്ള തൊഴിലും അത്‌ ചെയ്യാൻ  ലാപ്‌ടോപ്പും കിട്ടിയാൽ നന്നായിരുന്നുവെന്ന അഭിപ്രായം സുജിത്‌ വിദ്യാർഥികളോടും സഹപ്രവർത്തകരോടും പങ്കുവച്ചു. കോമേഴ്സ് വിഭാഗത്തിന്റെ സഹായത്തോടെ ലാപ് ടോപ്  വാങ്ങി. കൊമേഴ്‌സ്‌ വിഭാഗത്തിലെ ഇന്റർകൊളീജിയറ്റ്‌ ഫെസ്റ്റായ "താണ്ഡവം' എന്ന പരിപാടിയിൽ ജയസൂര്യ എത്തുമെന്ന്‌ അറിഞ്ഞപ്പോൾ അക്കാര്യം നൗഫലിനെ അറിയിച്ചു. ജയസൂര്യയും എസ്എച്ച് കോളേജ് മാനേജർ ഫാ. പൗലോസ് കിടങ്ങനും ചേർന്ന്‌ ലാപ്‌ടോപ്‌ കൈമാറി. നൗഫലിന്റെ ബാപ്പയും ഓട്ടോഡ്രൈവറുമായ നാസർ വൃക്കരോഗിയാണ്‌. കടങ്ങളുമുണ്ട്‌. സാമ്പത്തിക പരാധീനതമൂലം നൗഫലിന്‌ പഠനം പ്ലസ്‌ടുവിൽ അവസാനിപ്പിക്കേണ്ടിവന്നു. നൗഫലിന്‌ തുടർപഠനത്തിന്‌ അവസരം കിട്ടിയതോടെ പ്രതീക്ഷയിലാണ്‌ കുടുംബം. Read on deshabhimani.com

Related News