പിഷാരുകോവിൽ കവർച്ച; 
പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു



പിറവം പിഷാരുകോവിൽ ദേവീക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് പണം കവർന്ന കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കഴിഞ്ഞ ശനി രാത്രിയാണ് പിറവം ടൗണിലെ പിഷാരുകോവിലിൽ മോഷണം നടന്നത്. നാലമ്പലത്തിന് പുറത്തുള്ള എട്ട് ഭണ്ഡാരങ്ങളും കുത്തിത്തുറന്നു. ക്ഷേത്രത്തിന് തെക്കുഭാഗത്തെ കവാടത്തിലുള്ള ഭണ്ഡാരം പൊളിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വിരലടയാളവിദഗ്ധരെത്തി തെളിവ് ശേഖരിച്ചിരുന്നു. റോഡിൽനിന്ന് മോഷ്ടാക്കൾ ക്ഷേത്രവളപ്പിലേക്ക് മതിൽ ചാടിക്കടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. തെളിവെടുപ്പിനായി കൊണ്ടുവന്ന പൊലീസ് നായ മണംപിടിച്ചശേഷം പാലം കടന്ന് മുല്ലൂർപ്പടിവരെ ഓടിയിരുന്നു. ശനി വൈകിട്ട് ക്ഷേത്രത്തിനടുത്ത് റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയുടെ മാല എതിരേവന്ന മോഷ്ടാവ് പൊട്ടിച്ചെടുത്തിരുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല. ക്ഷേത്രക്കവർച്ചയ്ക്ക് ഇതുമായി ബന്ധമുണ്ടോയെന്ന് സംശയമുണ്ട്. കവർച്ചയ്ക്ക് ഒന്നിലേറെപ്പേർ ഉണ്ടായിരുന്നതായും പൊലീസ് സംശയിക്കുന്നു. Read on deshabhimani.com

Related News